മുംബൈ: രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്ന അര്‍ഹിക്കുന്ന ഒരാള്‍ ഇന്നുണ്ടെങ്കില്‍ അത് വിപ്രോ മേധാവി അസിം പ്രേംജി മാത്രമാണെന്ന് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക സാഗരിക ഘോഷ്. കോവിഡ് 19 പ്രതിരോധത്തിനായി വിപ്രോ 1,125 കോടി രൂപ സംഭാവന ചെയ്ത ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത റിട്വീറ്റ് ചെയ്താണ് സാഗരിക തന്റെ അഭിപ്രായപ്രകടനം നടത്തിയത്.
‘ഭാരതരത്ന അര്‍ഹിക്കുന്ന ഒരു ഇന്ത്യന്‍ പൗരന് ഇന്നുണ്ടെങ്കില്‍ അത് അസിംപ്രേംജി മാത്രമാണ്. രാഷ്ട്രനിര്‍മാണത്തില്‍ കോര്‍പറേറ്റ് ദാനശീലം എത്രമാത്രം മഹത്തരമാണ് എന്ന് വ്യവസായ ലോകത്തെ ഈ നായകന് വീണ്ടും വീണ്ടും കാണിക്കുന്നു. ഒരു യഥാര്‍ത്ഥ ഹീറോ’ എന്നാണ് സാഗരിക പ്രേംജിയെ കുറിച്ച് കുറിച്ചത്.
ഭാരതരത്ന ഫോര്‍ അസിം പ്രംജി എന്ന ഹാഷ്ടാഗോടെയാണ് ഇവര്‍ കുറിപ്പ് പങ്കുവച്ചത്.
കോവിഡ് സഹായമായി 1,125 കോടി
കോവിഡിനെ നേരിടാനായി 1125 കോടി രൂപയാണ് അസിംപ്രേംജിയുടെ നിയന്ത്രണത്തിലുള്ള വിപ്രോ, വിപ്രോ എന്റര്‍പ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷന് എന്നീ സ്ഥാപനങ്ങള്‍ നല്‍കിയത്. 1125 കോടിയില്‍ ആയിരം കോടി രൂപയും നല്‍കുന്നത് അസിം പ്രേംജി ഫൗണ്ടേഷനാണ്. വിപ്രോയുടെ വിഹിതം നൂറു കോടിയും വിപ്രോ എന്റര്‍പ്രൈസസിന്റെ വിഹിതം 25 കോടിയും. വിപ്രോയുടെ വാര്‍ഷിക സി.എസ്.ആര് പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് ഈ തുക കമ്പനി നല്‍കിയത്.
വിസ്മയിപ്പിക്കുന്ന ജീവിതം
ലാഭക്കൊതിയും ആര്‍ത്തിയും നിറഞ്ഞ കോര്‍പറേറ്റ് ലോകത്തെ ജീവിതങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് അസിം ഹാഷിം പ്രേംജി. നിലവില്‍ വിപ്രോയുടെ (വെസ്റ്റേണ്‍ ഇന്ത്യ പ്രൊഡക്ട്സ് ലിമിറ്റഡ്) ചെയര്മാന്.

2001ല്‍ ഇദ്ദേഹം സ്ഥാപിച്ച അസിം പ്രേംജി ഫൗണ്ടേഷന് ഫോര്‍ എജ്യുക്കേഷന്‍ അതുല്യമായ സ്ഥാപനമാണ്. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട. ഉത്തരാഖണ്ഡ്, രാജസ്ഥാന്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍ പോലും ഫൗണ്ടേഷന് സ്കൂളുകളുണ്ട്.
ഫൗണ്ടേഷന് വേണ്ടി ഈയിടെ 53,000 കോടി രൂപയാണ് അസിം പ്രേംജി സംഭാവനയായി നല്‍കിയത്. ഫൗണ്ടേഷന്റെ മൊത്തം ആസ്തി 1,45,000 കോടി വരും. വിപ്രോയില്‍ പ്രേംജിയുടെ പേരിലുള്ള 67 ശതമാനം ഓഹരിയും ഫൗണ്ടേഷനാണ്.
1945 ജൂലൈ 24ന് മുംബൈയിലെ മുസ്ലിം കുടുംബത്തിലാണ് ജനനം. ബര്‍മയിലെ അരി രാജാവായി അറിയപ്പെട്ടിരുന്ന മുഹമ്മദ് ഹാഷിം പ്രേംജിയുടെ മകനാണ്. വിഭജന വേളയില്‍ പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഹാഷിമിനെ പാകിസ്താനിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം ഇന്ത്യയില്‍ നില്ക്കാന് തീരുമാനിക്കുകയായിരുന്നു.