പകരക്കാരനില്‍ നിന്ന് ട്രിപ്പിള്‍ സെഞ്ചുറിക്കാരനായി മാറിയ അസ്ഹര്‍ അലി

പതിനാല് വര്‍ഷം മുമ്പ് ലാഹോറില്‍ ന്യൂസിലാന്റിനെതിരെ ഇന്‍സമാം ഉള്‍ഹഖ് ട്രിപ്പിള്‍ സെഞ്ചുറി തികച്ച മത്സരത്തില്‍ പകരക്കാരന്‍ ഫീല്‍ഡറായി ഇറങ്ങിയിരുന്നു അസ്ഹര്‍ അലി എന്ന 18കാരന്‍. അന്ന് വെറും കാഴ്ചക്കാരനായി നിന്ന ആ അസ്ഹര്‍ ഇപ്പോഴിതാ മറ്റൊരു ട്രിപ്പിളുമായി ക്രിക്കറ്റ് ലോകത്തിന്റെ ഉന്നതിയില്‍.

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 302 റണ്‍സ് അടിച്ചെടുത്താണ് അസ്ഹര്‍ ഒട്ടേറെ റെക്കോര്‍ഡ് താളുകളില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തത്. ഡേ നൈറ്റ് ടെസ്റ്റുകളില്‍ ആദ്യ സെഞ്ച്വറി, ഡബിള്‍ സെഞ്ച്വറി, ട്രിപ്പിള്‍ സെഞ്ച്വറിയെന്ന മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത നേട്ടവും ഇതിനിടെ ഈ 31കാരന്‍ സ്വന്തം പേരിലാക്കി. പാകിസ്താനായി ട്രിപ്പള്‍ സെഞ്ച്വറി തികക്കുന്ന നാലാമത്തെ മാത്രം താരമാണ് അസ്ഹര്‍.

പാക് താരം യൂനിസ്ഖാനെ റോള്‍മോഡലായി കാണുന്ന താരം ഡെങ്കിപ്പനി ബാധിച്ച് യൂനിസിന് ഈ മത്സരത്തില്‍ കളിക്കാനിറങ്ങാനാവാത്തതില്‍ ഏറെ ഖിന്നനാണ്. സെഞ്ച്വറികളെ ഡബിള്‍ സെഞ്ച്വറികളും ട്രിപ്പിളുമാക്കി മാറ്റുന്ന യൂനിസിന്റെ മിടുക്കാണ് അസ്ഹറിനെ സ്വാധീനിച്ചത്.

വെറ്ററന്‍മാരായ യൂനിസ്ഖാനും മിസ്ബാഉള്‍ ഹഖും വിരമിച്ചാലും ടീമിനെ തോളിലേറ്റാന്‍ തനിക്കാവുമെന്ന് പലതവണ തെളിയിച്ചിട്ടുണ്ട് അലി. ഇപ്പോള്‍ പാക് ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്.

SHARE