ലഖ്നൗ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പള്ളികളില്‍ നിന്നുള്ള ബാങ്ക് നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ജില്ലാ മജിസ്ട്രേറ്റ് ഓം പ്രകാശ് ആര്യയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരിടത്ത് ഇത്തരത്തില്‍ ബാങ്ക് നിരോധിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച് മുസ്ലിം മത നേതാക്കള്‍ ജില്ലാ മജിസ്ട്രേറ്റുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഷയത്തില്‍ തീരുമാനമായില്ല.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചിലയിടത്ത് സുബഹി, മഗ്രിബ് ബാങ്കുകള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ ഓരോ മസ്ജിദിന് അടുത്തും വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് കീഴിലുള്ള ഹിന്ദി മാദ്ധ്യമം ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മസ്ജിദില്‍ ബാങ്കു വിളിക്കുന്ന മൗലാനയ്ക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ.
ബാങ്ക് നിരോധിച്ച ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് അപലപനീയമാണെന്ന് മനുഷ്യാവകാശ സംഘടന റിഹായി മഞ്ച് ആരോപിച്ചു. ഇത് നിരുത്തരവാദപരമാണ്. സമൂഹത്തില്‍ ഇതിന്റെ പ്രത്യാഘാതം എങ്ങനെയാണ് എന്ന് ജില്ലാ മജിസ്ട്രേറ്റ് ചിന്തിക്കേണ്ടിയിരുന്നു. ഭരണകക്ഷിയുടെ താത്പര്യങ്ങളാണ് ഉത്തരവിലൂടെ മജിസ്ട്രേറ്റ് നടപ്പാക്കുന്നത്- മഞ്ച് ജനറല്‍ സെക്രട്ടറി രാജീവ് യാദവ് കുറ്റപ്പെടുത്തി.
ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി അഭിഭാഷകന് സന്തോഷ് സിങ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പള്ളികളില്‍ ബാങ്ക് നിരോധിച്ചിട്ടില്ല. ഇത്തരം വാക്കാലുള്ള ഉത്തരവുകള്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരിയുടെ പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള വര്ഗീയക്കളിയാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് റിഹായി മഞ്ച് നേതാവ് ഷക്കീല്‍ ഖുറേഷി പറഞ്ഞു. ഇപ്പോള്‍ അത് ബാങ്കാണ്. ലോക്ക് ഡൗണ്‍ ശേഷം ആരാധനാലയങ്ങളില്‍ ആരാധനയും നിരോധിക്കപ്പെടും. സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്- അദ്ദേഹം കുറ്റപ്പെടുത്തി.
ഗാസിപൂരില്‍ ഒമ്പത് ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. മഹൗബാഗ്, നഖാസ് ചൗരാഹ, ഫിഷ് മാര്‍ക്കറ്റ്, ടൗണ്‍ഹാള്‍, ബാര്ബര്ഹാന, മര്‍ക്കസ് മസ്ജിദ്, ജിയുഹാന്, ജമാമസ്ജിദ്, ദിനമോസ്ക് എന്നീ പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ടുകള്‍. ഇതില്‍ ആദ്യത്തെ അഞ്ചു സ്ഥലങ്ങള്‍ ഗാസിപ്പൂര്‍ നഗരത്തിലും മറ്റു നാലിടങ്ങള്‍ ദില്ദാര് നഗറിലുമാണ്.