ഡല്‍ഹി കലാപം: കപില്‍ മിശ്രക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന മുസ് ലിം വിരുദ്ധ കലാപത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്ര അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണ് അക്രമത്തിന് പ്രേരണ നല്‍കുകയും ആസൂത്രണം ചെയ്യുകയും ചെയ്തതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ 80 ദിവസമായി സമരം നടത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഡല്‍ഹി ലെഫ്റ്റന്‍ന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് ആസാദ് കത്തെഴുതിയിട്ടുമുണ്ട്. ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലുള്ള ദളിത് സമൂഹത്തിന്റെയും മുസ്‌ലിങ്ങളുടെയും സുരക്ഷയില്‍ കടുത്ത ആശങ്കയുണ്ട്. ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കണം’ കത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കപില്‍ ശര്‍മ നടത്തിയ ആഹ്വാനത്തിന് പിന്നാലെയാണ് ഡല്‍ഹി കലാപഭൂമിയായത്. പൊലീസിന്റെ ഒത്താശയോടെ സി.എ.എ അനുകൂലികളെന്ന വ്യാജേന സംഘപരിവാര്‍ ഗുണ്ടകള്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടുകയായിരുന്നു. മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്ന് വന്ന അക്രമികള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടി ഹിന്ദുക്കളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കാവിക്കൊടി കെട്ടിയിരുന്നു. ട്രാക്ടറുകളില്‍ കല്ലുകള്‍ കൊണ്ടുവന്നാണ് സി.എ.എ വിരുദ്ധ സമരക്കാര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എറിഞ്ഞത്. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു.

SHARE