തമിഴും തെലുങ്കും കടന്ന് അയ്യപ്പനും കോശിയും; ഹിന്ദിയില്‍ അവകാശങ്ങള്‍ വാങ്ങി ജോണ്‍ എബ്രഹാം

കൊച്ചി: ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റ് അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്. ബിജുമേനോനും പൃത്ഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശം ബോളിവുഡ് താരം ജോണ്‍ എബ്രഹാം വാങ്ങി. ജോണിന്റെ പ്രൊഡക്ഷന്‍ ഹൗസായ ജെ.എ എന്റര്‍ടൈന്‍മെന്റാണ് അവകാശങ്ങള്‍ വാങ്ങിയത്.

കഥാകൃത്ത് സച്ചി സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ രഞ്ജിത്താണ് നിര്‍മിച്ചത്. ചിത്രത്തില്‍ അയ്യപ്പന്‍ നായരായി ബിജു മേനോനും കോശി കുര്യനായി പൃത്ഥ്വിരാജുമാണ് വേഷമിട്ടത്.

സിനിമയുടെ തെലുങ്കു പതിപ്പും അണിയറയിലാണ്. റാണ ദഗ്ഗുപതിയാണ് പൃത്ഥിരാജിന്റെ വേഷം ചെയ്യുന്നത്. ബിജുവിന്റെ കഥാപാത്രം രവി തേജയോ എന്‍ ബാലകൃഷ്ണയോ ചെയ്യും. തെലുങ്ക് റീമേക്കുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമല്ല. ത്രിവിക്രം ശ്രീനിവാസ് ചിത്രം സംവിധാനം ചെയ്യാന്‍ താത്പര്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

തമിഴിലും ചിത്രം ഒരുങ്ങുന്നുണ്ട്. നിര്‍മാതാവ് കതിരേസനാണ് സിനിമയുടെ അവകാശം വാങ്ങിയിട്ടുള്ളത്. പൃത്ഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് സൂപ്പര്‍ താരം ധനുഷ് കതിരേസനെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആടുകളം, ജിഗര്‍ദണ്ട തുടങ്ങിയ ഹിറ്റുകളുടെ നിര്‍മാതാവാണ് കതിരേസന്‍.