ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള മരുന്നെന്ന് അവകാശപ്പെട്ട് ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കിയ മരുന്നിനെതിരെ കേന്ദ്രസര്‍ക്കാര്‍. മരുന്നിനെ കുറിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യം പിന്‍വലിക്കാന്‍ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. മരുന്നിനെ കുറിച്ചുള്ള അവകാശവാദങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏഴ് ദിവസത്തിനകം കൊവിഡ് രോഗം ഭേദമാക്കാന്‍ കഴിയുമെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണെന്നും ഇതിന് നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് ‘ദിവ്യകൊറോണ’ എന്ന പാക്കേജ് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്.
‘കൊറോണില്‍”, ”ശ്വാസരി” എന്നീ രണ്ട് മരുന്നുകളാണ് പതഞ്ജലി പുറത്തിറക്കുമെന്ന് അറിയിച്ചത്. 545 രൂപയാണ് ഈ രണ്ട് മരുന്നുകളുമടങ്ങിയ ഒരു കിറ്റിന് വില. രാജ്യത്ത് ഒരാഴ്ചയ്ക്കകം വിപണിയിലിറങ്ങുന്നു എന്നായിരുന്നു പതഞ്ജലിയുടെ പരസ്യം. വിവിധ മാദ്ധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
280 രോഗികളില്‍ പരീക്ഷിച്ച് വിജയം കണ്ടതാണെന്നും നിരന്തരം ഗവേഷണങ്ങള്‍ക്കു ശേഷമാണ് മരുന്ന് കണ്ടെത്തിയതെന്നുമാണ് ബാബ രാംദേവ് മാദ്ധ്യമങ്ങള്‍ക്കു മുമ്പില്‍ അവകാശപ്പെട്ടിരുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതെന്നും ഈ മരുന്നുകളില്‍ എന്തെല്ലാമാണ് ഉള്ളതെന്നും അടക്കമുള്ള വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മരുന്നു പരീക്ഷണം നടത്താന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ എന്നും ഇതിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ രജിസ്‌ട്രേഷന്‍ നടത്തിയോ എന്നും മന്ത്രാലയം ചോദിച്ചു.
ജയ്പൂരിലെ നിംസ് എന്ന സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത് എന്നാണ് പതഞ്ജലി പറയുന്നത്. കോവിഡിന് ഇതുവരെ ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പതഞ്ജലിുയടെ രംഗപ്രവേശം.