ബാബ്‌റി മസ്ജിദ് കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം അതീവ ജാഗ്രത പാലിച്ചു. വിധിക്ക് മുമ്പും അതിനു ശേഷവും അനാവശ്യ പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിച്ചതായി ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാട്‌സാപ്പില്‍ അഡ്മിന്‍മാര്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ബാബ്‌റി മസ്ജിദ് കേസില്‍ വിധി ശനിയാഴ്ച തന്നെ ഉണ്ടാകുമെന്ന് അറിഞ്ഞതു മുതല്‍ അഹിതമായ ഒന്നും തങ്ങളുടെ ഗ്രൂപ്പില്‍ ഉള്‍പ്പെടാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ട്രോളുകളോ പോസ്റ്റ് ചെയ്യരുതെന്ന പൊലീസിന്റേയും സൈബര്‍ പൊലീസിന്റെയും മുന്നറിയിപ്പുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേ സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് വാട്‌സാപ്പില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് മാത്രമല്ല സുപ്രീം കോടതി വിധിയുടെ സവിശേഷതയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവല്‍ക്കരണം നടത്താന്‍ ഇതു വഴി വച്ചിരുന്നു. വിധി അടുത്ത ആഴ്ച 12 നോ 13 നോ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് അടുത്ത ദിവസം 10.30 ന് വിധി ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നത്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ മറ്റാര്‍ക്കും പോസ്റ്റിടാന്‍ കഴിയാത്ത വിധം സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിയുന്ന തരത്തില്‍ ഓപ്ഷന്‍ മാറ്റുകയാണ് ചെയ്തത്. ഒന്നിനു പുറകെ ഒന്നായി ഗ്രൂപ്പുകള്‍ ഈ ഓപ്ഷന്‍ സ്വീകരിച്ചു കൊണ്ടിരുന്നു. രാത്രി പത്തു മണിയോടെ 70 ശതമാനം വാട്‌സാപ്പ് ഗ്രൂപ്പുകളിലും നിയന്ത്രണം പൂര്‍ണമായും അഡ്മിന്റെ കീഴിലായി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹ മാധ്യമങ്ങളിലും ഒരു സൈബര്‍ അച്ചടക്കം മുഴുവന്‍ പേരും പ്രത്യേകിച്ച് യുവജനങ്ങള്‍ പാലിച്ചതായാണ് വിലയിരുത്തല്‍.
പ്രകോപനപരമായ പോസ്റ്റുകള്‍ക്ക് ശിക്ഷയനുഭവിക്കേണ്ടി വരിക അഡ്മിനായിരിക്കുമെന്ന് നേരത്തെ സൈബര്‍ സെല്‍ അധികൃതരും പൊലീസും താക്കീത് നല്‍കിയിരുന്നു. ഏതു ചവറും കിട്ടിയ പടി മറ്റു ഗ്രൂപ്പുകളിലേക്ക് പോസ്റ്റ് ചെയ്യുന്ന പ്രവണതയാണ് താല്‍ക്കാലികമായെങ്കിലും ഇല്ലാതായത് കുറഞ്ഞത് അടുത്ത മൂന്ന് ദിവസത്തേക്കെങ്കിലും ഈ നിലപാട് തുടരുമെന്നാണ് കരുതുന്നത്.
ബാബ്‌റി വിധിയുടെ പശ്ചാത്തലത്തില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മുഴുവന്‍ സമൂഹ മാധ്യമങ്ങളും 24 മണിക്കൂറും കേരള പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് എന്നിവയുടെ നിരീക്ഷണത്തിലായിരുന്നു. പൊലീസിന്റെ മുന്നറിയിപ്പിനു പുറമെ സ്വയം ബോധവാന്‍ന്മാരാകാന്‍ ജനങ്ങള്‍ തയ്യാറായതിനാല്‍ ഇതുമായി ബന്ധപ്പെട്ട് കാര്യമായ കേസുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ കൊച്ചിയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പിടിയിലായിട്ടുണ്ട്.
ബാബ്‌രി വിധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിന് ആയിരക്കണക്കിന് അധിക സേനയെ കേന്ദ്രം വിന്യാസിച്ചിരുന്നു. ഇതിനു പുറമെ 16,000 ഡിജിറ്റല്‍ വളന്റിയര്‍മാരെയും പ്രത്യേകം നിയോഗിച്ചിരുന്നു.