161 അടി ഉയരം, 360 തൂണുകള്‍, അഞ്ചു കുംഭഗോപുരങ്ങള്‍; ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുകയാണ്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് ഭൂമിപൂജയും തുടര്‍ന്നുള്ള ശിലാസ്ഥാപനവും. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികയാണ് ശിലാസ്ഥാപനത്തിനായി ഉപയോഗിക്കുന്നത്. പ്രധാനമന്ത്രിയെ കൂടാതെ 174 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സുപ്രിം കോടതി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയിത്. പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണ് എന്ന നിരീക്ഷണത്തിന് ശേഷമാണ് അവിടെ തന്നെ ക്ഷേത്രം നിര്‍മിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നത്.

ക്ഷേത്രം ഇങ്ങനെ;

57 ഏക്കര്‍ വരുന്ന ക്ഷേത്രസമുച്ചയത്തില്‍ 10 ഏക്കറില്‍ പടര്‍ന്നു കിടക്കുന്നതാണ് ക്ഷേത്രം. അടിത്തറയൊരുക്കാനായി മാത്രം രണ്ടു ലക്ഷത്തിലേറെ ഇഷ്ടികയാണ് ഉപയോഗിക്കുന്നത്. മുന്‍വശത്തുള്ള ചവിട്ടുപടികള്‍ക്ക് 16 അടി വീതിയുണ്ട്. 161 അടിയാണ് ഏറ്റവും വലിയ ഭാഗത്തിന്റെ ഉയരം.

മൂന്നു വര്‍ഷം കൊണ്ട് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന ക്ഷേത്രം നഗാര ആര്‍കിടെക്ചര്‍ മാതൃകയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അഞ്ചു കുംഭഗോപുരമാണ് ക്ഷേത്രത്തിനുള്ളത്. ശിഖാരയാണ് ഏറ്റവും വലിയ ഗോപുരം. തൊട്ടടുത്ത് ഗര്‍ഭ്ഗൃഹ, അതിനു താഴെ കുടുമണ്ഡപ്, തൊട്ടുതാഴെ നൃത്യമണ്ഡപും രംഗ് മണ്ഡപും. മൂന്നു നിലയും 360 തൂണുകളാണ് മൊത്തം ക്ഷേത്രത്തനുള്ളത്.

ആര്‍കിടെക്ട് ചന്ദ്രകാന്ത് സോംപുരയാണ് ക്ഷേത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. സോംനാഥ് ക്ഷേതം പുനര്‍നിര്‍മിക്കുന്നതിനുള്ള മാതൃക നല്‍കിയ പ്രഭാശങ്കര്‍ സോംപുരയുടെ മകനാണ് ചന്ദ്രകാന്ത്.

SHARE