രാമക്ഷേത്രത്തിലെ കോവിഡ് ബാധിച്ച പൂജാരിക്കൊപ്പം വേദി പങ്കിട്ട് യോഗി ആദിത്യനാഥ്; ക്വാറന്റൈനില്‍ പോകേണ്ടി വരും

ലഖ്‌നൗ: രാമജന്മഭൂമി ക്ഷേത്രത്തില്‍ കോവിഡ് ബാധിച്ച പൂജാരി പ്രദീപ് ദാസിനൊപ്പം വേദി പങ്കിട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഓഗസ്റ്റ് അഞ്ചിനായി നടക്കുന്ന ഭൂമിപൂജയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗി ഇവിടെ എത്തിയത്. പൂജാരിമാര്‍ക്കൊപ്പം കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്ന ചിത്രം സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡ് പോസിറ്റീവ് ആയ രോഗിക്കൊപ്പം സഹവസിച്ചവര്‍ രണ്ടാഴ്ചയിലെ ക്വാറന്റൈനില്‍ പോകേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ യോഗി ആദിത്യനാഥും മുഖ്യപൂജാരി സത്യേന്ദ്രദാസും ക്വാറന്റൈനില്‍ പോകേണ്ടി വരും. ഇങ്ങനെയാണ് എങ്കില്‍ ഓഗസ്റ്റ് അഞ്ചിലെ ചടങ്ങില്‍ ഇവര്‍ക്ക പങ്കെടുക്കാനാകില്ല.

അതിനിടെ, മുഖ്യപൂജാരി സത്യേന്ദ്രദാസ് അടക്കം മറ്റു നാലു പൂജാരികള്‍ക്ക് കോവിഡ് ഫലം നെഗറ്റീവ് ആണ്. പൂജാരിമാരോട് അടുത്ത ബന്ധമുള്ള 12 പേരുടെ ഫലവും നെഗറ്റീവ് ആയി. വൈറസ് ബാധയേറ്റ പൊലീസുകാര്‍ രാമജന്മഭൂമി കോംപ്ലക്‌സിന് അകത്ത് സുരക്ഷാ ചുമലയുള്ളവരാണ്.

ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 200 പേര്‍ പങ്കെടുക്കുന്ന ഭൂമി പൂജ അയോദ്ധ്യയില്‍ നടക്കുന്നത്. കോവിഡ് ബാധയോടെ ചടങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലായി.

പരിപാടിക്കായി വന്‍ ഒരുക്കങ്ങളാണ് അയോദ്ധ്യയില്‍ നടക്കുന്നത്. നഗരത്തില്‍ ഉടനീളം ഭക്തര്‍ക്കായി പരിപാടി വീക്ഷിക്കാന്‍ ടെലിവിഷന്‍ സ്‌ക്രീന്‍ സ്ഥാപിക്കുന്നുണ്ട്. ദൂരദര്‍ശന്‍ പരിപാടി സംപ്രേഷണം ചെയ്യുന്നുമുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി വിഐപികള്‍ പങ്കെടുക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. എല്‍.കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സാധ്വി ഋതംബര തുടങ്ങി പ്രധാന നേതാക്കളെയെല്ലാം ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ നിയന്ത്രിത ട്രസ്റ്റിനു വിട്ടുനല്‍കാന്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണു സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോദ്ധ്യയില്‍ അഞ്ചേക്കര്‍ സ്ഥലം വിട്ടു നല്‍കണമെന്നും അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിരുന്നു.

SHARE