അയോദ്ധ്യ: ഭൂമിപൂജയ്ക്ക് തൊട്ടു മുമ്പ് ഒരു പൂജാരിക്ക് കൂടി കോവിഡ്- ആശങ്ക

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അയോദ്ധ്യയെ ആശങ്കയിലാഴ്ത്തി വീണ്ടും കോവിഡ്. രാംമന്ദിറിലെ പൂജാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാംലല്ലയിലെ സഹപൂജാരി പ്രേംകുമാറിനാണ് വൈറസ് ബാധ.

കഴിഞ്ഞ ദിവസം താല്‍ക്കാലിക ക്ഷേത്രത്തിലെ സഹപൂജാരി പ്രദീപ് ദാസിനും സുരക്ഷാ ചുമതലയുള്ള 14 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധ ചടങ്ങിനു മേല്‍ ആശങ്ക വീഴ്ത്തിയിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് ശില പാകുന്നത്. മൊത്തം 175 അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത് എന്നും ഇവരില്‍ 135 പേര്‍ സന്യാസികളാണ് എന്നും രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് വ്യക്തമാക്കി.

ശിലാപൂജയ്ക്കായുള്ള മതചടങ്ങുകള്‍ അയോ്ദ്ധ്യയില്‍ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഗണേഷ വിഗ്രഹ പൂജ നടന്നു. ഹനുമാന്‍ഗിരി ക്ഷേത്രത്തിലും പ്രത്യേക പൂജ നടന്നു. വേദപാരായണവും ആരംഭിച്ചിട്ടുണ്ട്.

SHARE