ലഖ്നൗ: സുപ്രിംകോടതി വിധി പ്രികാരം അയോദ്ധ്യയില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ നിര്‍മാണ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. നേരത്തെ പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വഖഫ് ബോര്‍ഡിന്റെ തീരുമാനം.
അയോദ്ധ്യയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ദാനിപൂര്‍ ഗ്രാമത്തിലാണ് പള്ളിക്കായി അഞ്ച് ഏക്കര്‍ സ്ഥലം വഖഫ് ബോര്‍ഡിന് നല്‍കിയത്. സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പണിയും. ഒപ്പം പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം എന്നിവയും പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന് പള്ളി നിര്‍മാണത്തിനായി രൂപീകരിച്ച ഇന്തോ- ഇസ്ലാമിക് ഫൗണ്ടേഷന് സെക്രട്ടറി അത്താര്‍ ഹുസൈന് വ്യക്തമാക്കി.
ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷത്രത്തിനായുള്ള ഭൂമി പൂജയ്ക്ക് ചുക്കാന്‍ പിടിച്ചത് യോഗിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പള്ളിയുടെ ചടങ്ങിലും പങ്കെടുക്കുമോയെന്ന് ചോദ്യം ഉയര്‍ന്നത്. ഹിന്ദി ടി.വി ചാനലിന്റെ ചോദ്യത്തിന് ക്ഷേത്രത്തിലെ പൂജാരി എന്ന നിലയില്‍ ക്ഷണിച്ചാലും താന്‍ പങ്കെടുക്കില്ല എന്നാണ് യോഗി പറഞ്ഞിരുന്നത്. അവര്‍ തന്നെ ക്ഷണിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.