അയോധ്യ കേസ്; മൂന്ന് മുസ്ലിം സംഘടനകള്‍ കൂടി പുന:പരിശോധനാ ഹര്‍ജി നല്‍കും

ന്യൂഡല്‍ഹി: അയോധ്യാ തര്‍ക്കഭൂമി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്‌ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും.

കേസിലെ കക്ഷികളായ ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യ കക്ഷികളില്‍ ഒരാളായ ഹാജി അബ്ദുല്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദ്, ഹഫീസ് റിസ്വാന്‍ എന്നിവരാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്. അടുത്ത ദിവസം തന്നെ ഇവര്‍ ഹര്‍ജി നല്‍കിയേക്കും. ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കാന്‍ ഇതിനോടകം ഏഴു മുസ്‌ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷികളില്‍ ഒരാളായ സുന്നി വഖഫ് ബോര്‍ഡില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്. 26ന് ലഖ്‌നൗവില്‍ ചേരുന്ന സുന്നി വഖഫ് ബോര്‍ഡിന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായേക്കും.

1949 ഡിസംബറിലാണ് ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നത്. 1991ല്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിസഹമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. പള്ളി നിര്‍മിക്കാന്‍ നല്‍കുന്ന അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

SHARE