ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരക്ക് വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം. അയോധ്യ കേസിന്റെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍, സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഡല്‍ഹിയിലെ വസതിക്ക് മുന്നിലും പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അടക്കം ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷാ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ കൂട്ടിയിരുന്നു.
രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയോടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ബസ് സ്റ്റാന്‍കുളും റെയില്‍വേ സ്‌റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാന്‍ സേനക്ക് നിര്‍ദേശം നല്‍കി. പ്രശ്‌നസാധ്യത മേഖലകളില്‍ ആവശ്യമെങ്കില്‍ ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പര്‍ധയ്ക്കും സാമുദായിക സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ സന്ദേശം തയ്യാറാക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും.