അയോധ്യ കേസ്: വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ്; അഞ്ചുപേരുടെ യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: അയോധ്യകേസിലെ വിധി പറയാന്‍ വിദേശയാത്രകള്‍ റദ്ദാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസിലെ വിധിയെഴുത്തിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം, യോഗത്തിലെ തീരുമാനങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിലെ വാദം പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു.

അതേസമയം, കേസില്‍ ചരിത്ര വിധി പറയുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിദേശയാത്ര റദ്ദാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. യു.എ.ഇ, ഈജിപ്ത്, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയാണ് ഗൊഗോയി റദ്ദാക്കിയത്. കേസില്‍ കൂടുതല്‍ സമയം നല്‍കാനായാണ് ഈ യാത്രകള്‍ റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് കേസില്‍ വിധി പറയുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ വാദം 40 ദിവസത്തിനൊടുവിലാണ് വിധിപറയാനായി മാറ്റിയത്. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയില്‍ ഏറ്റവും നീണ്ട വാദംനടന്ന കേസാണിത്. ഇത്രയും ദിവസം ഇരുവിഭാഗങ്ങള്‍ക്കും വേണ്ടി രൂക്ഷമായി വാദിച്ച ധവാനും പരാശരനും കൈകൊടുത്ത് തമാശവാക്കുകള്‍ പങ്കുവച്ചാണ് കോടതിയില്‍ നിന്ന് മടങ്ങിയത്. നവംബര്‍ 17നാണ് ചീഫ്ജസ്റ്റിസ് വിരമിക്കുന്നത്. അതിന് മുന്നോടിയായി നവംബര്‍ 15ന് വിധിപുറത്തുവരുമെന്നാണ് സൂചന. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്.