ഡോക്ടര്‍ അയിഷയുടെ മരിക്കുന്നതിന് മുമ്പുള്ള സന്ദേശം വ്യാജമെന്ന് കണ്ടെത്തി. കോവിഡ് ബാധിച്ച് വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോ.അയിഷ പുറത്തുവിട്ട സന്ദേശം എന്ന രീതിയിലായിരുന്നു പ്രചരിച്ചിരുന്നത്. കോവിഡ് എന്ന വൈറസ് മാരകമാണെന്ന കുറിപ്പിനൊപ്പം ആശുപത്രിക്കിടക്കയില്‍ ചിരിച്ചു കൊണ്ട് കിടക്കുന്ന അയിഷയുടെ ഈ സന്ദേശം വൈറലാകാന്‍ അധികം സമയവും വേണ്ടി വന്നില്ല. കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടി ജീവന് വെടിഞ്ഞ അയിഷ എന്ന യുവഡോക്ടറുടെ കണ്ണു നിറയ്ക്കുന്ന സന്ദേശം രാഷ്ട്രീയസാമൂഹികസാംസ്കാരിക രംഗത്തെ പ്രമുഖര്‍ അടക്കം പങ്കുവയ്ക്കുകയും ചെയ്തു.
‘കോവിഡ് 19നെതിരെ ഇനിയും പിടിച്ചുനില്ക്കാന് കഴിയുമെന്ന് തോന്നുന്നില്ല.. അധികം വൈകാതെ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റും.. എന്നെ ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ ഈ പുഞ്ചിരിയും.. നിങ്ങളുടെ സൗഹൃദത്തിന് നന്ദി.. എല്ലാവരെയും മിസ് ചെയ്യും.. ഈ വൈറസ് മാരകമാണ്.. എല്ലാവരും സുരക്ഷിതരായിരിക്കുക.. ഒരുപാട് സ്നേഹം.. വിട..’ ജൂലൈ 31ന് വൈകിട്ട് 5.12ന് പോസ്റ്റ് ചെയ്ത അയിഷയുടെ അവസാന കുറിപ്പ് ഇങ്ങനെയായിരുന്നു.
അധികം വൈകാതെ തന്നെ അയിഷ മരണപ്പെട്ടു എന്ന വാര്‍ത്തയും പ്രചരിച്ചു.. കോവിഡ് പോരാളിയായ ധീര വനിതയായി അയിഷയെ സോഷ്യല്‍ മീഡിയ ആഘോഷിച്ചു. പിന്നീട് അയിഷ മരിച്ചുവെന്നും അയിഷയുടെ സഹോദരിയാണ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്നുമുള്ള തരത്തില്‍ ഇതേ അക്കൗണ്ടില്‍ നിന്ന് ട്വീറ്റുകളെത്തി. വൈകാതെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ അക്കൗണ്ടും ഈ സന്ദേശവും വ്യാജമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ചില മാധ്യമങ്ങള്‍ അടക്കം നടത്തിയ പരിശോധനയില്‍ ഈ കുറിപ്പിനൊപ്പമുള്ള ചിത്രം ഒരു വെബ്സൈറ്റില്‍ 2017ല്‍ പ്രസിദ്ധീകരിച്ചതാണെന്ന് കണ്ടെത്തി. ഇതേ അക്കൗണ്ടിലെ മറ്റ് ചില സന്ദേശങ്ങളും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. ഇതോടെ അയിഷയ്ക്ക് ആദരം അര്‍പ്പിച്ച സോഷ്യല്‍ മീഡിയ തന്നെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തുകയായിരുന്നു.
അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അയിഷയുടെ സന്ദേശം നേരത്തെ പങ്കു വച്ച ഐഎംഎ വൈസ് പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹ് തെറ്റുതിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ഡോ:ഐഷ, കോവിഡ് ചികിത്സയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്. തെറ്റായ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഏതോ ഒരു വിരുതന് പടച്ചുവിട്ട വാര്‍ത്തയാണെന്ന് പിന്നീട് മനസിലായി.അതില്‍ ആദ്യം തന്നെ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു. എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.