ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തിന് പിന്നാലെ ടേബിള്‍ ടോപ്പ് റണ്‍വേയുടെ പേരില്‍ വിമാനത്താവളത്തിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രാലയം. കഴിഞ്ഞ ദിവസവും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ റണ്‍വേ എന്‍ഡ് സേഫ്റ്റ് ഏരിയ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗൈനസേഷന്റെ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചുള്ളതാണെന്നു മന്ത്രി പറഞ്ഞു. വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗം അടക്കമുളളവര്‍ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിടെയുളള റിസ മാനദണ്ഡപ്രകാരമല്ലാ എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നല്‍കിയത്.
കഴിഞ്ഞ ദിവസം ഡി.ജി.സി.എ മേധാവി അരുണ്‍കുമാറും കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരിപ്പൂരിലെ റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് സജ്ജമാണെന്നാണ് ഡിജിസിഎ മേധാവി ദേശീയ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടച്ച് ഡൗണ്‍ പോയന്റ് മാറിയതാണ് അപകടത്തിന് കാരണമായി കരുതുന്നത് . റണ്‍വേയിലെ പ്രശ്നങ്ങള്‍ 2016ല്‍ തന്നെ പരിഹരിച്ചതാണെന്നും നവീകരിച്ച റണ്‍വെ വലിയ വിമാനങ്ങള്‍ക്ക് അടക്കം അനുയോജ്യമാണെന്നാണ് വിലയിരുത്തുന്നത്.
വിമാനാപകടത്തില്‍ പരിക്കേറ്റ് 103 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. അപകട കാരണം കണ്ടെത്തുന്നതിനുള്ള ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്.