കേരളത്തില്‍ നാളെ ഓട്ടോ-ടാക്‌സി പണിമുടക്ക്

കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചും, ഓട്ടോ-ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും, മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തും.  വെള്ളിയാഴ്ച സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12-വരെയാണ് പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ ഓട്ടോസ്റ്റാൻഡുകളിൽ ധർണ നടത്തും.

പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ 28ന് ചേർന്ന യോഗത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരസമിതി തീരുമാനപ്രകാരം ജൂലൈ ആറിന് ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

ലോക്ക്ഡൗണിന് ശേഷം ഇന്ധന വില വര്‍ധനവും എത്തിയതോടെയാണ് ഓട്ടോ-ടാക്‌സി മേഖല വീണ്ടും പ്രതിസന്ധിയിലായത്. ഓടി കിട്ടുന്ന പണം ഇന്ധനം നിറയ്ക്കാന്‍ പോലും തികയുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കണമെന്നും ഇവര്‍ പറയുന്നു.