കാര്‍ വിപണിയില്‍ വീണ്ടും മാരുതിക്ക് കുതിപ്പ്

maruti-suzuki-vitara-brezza_827x510_61455196021കൊച്ചി: സീസണ്‍ ആഘോഷമാക്കി കാര്‍ നിര്‍മാതാക്കള്‍. മിക്കവാറും എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കും വില്‍പനയില്‍ നേട്ടം കൊയ്യാനായെങ്കിലും വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതിക്കാണ്.
29.4% വര്‍ധനയോടെ മാരുതി സുസൂക്കിയാണ് വന്‍ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നിവയും നേട്ടമുണ്ടാക്കി.

മാരുതി സുസുക്കി 1,37,321 കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,06,083 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ മികച്ച പ്രതിമാസ വില്‍പനയാണിത്. സിയസ്, ബലേനൊ, വിറ്റാര ബ്രസ, എസ്‌ക്രോസ് എന്നിവയുടെ വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതി സുസൂക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.എസ്. കാല്‍സി അറിയിച്ചു.

ആള്‍ട്ടൊ, വാഗണര്‍ എന്നിവയുള്‍പ്പെടുന്ന മിനി സെഗ്‌മെന്റില്‍ 44,395 എണ്ണമായിരുന്നു വില്‍പന. മുന്‍ വര്‍ഷം 35,570. വര്‍ധന 24.8%. സ്വിഫ്റ്റ്, റിറ്റ്‌സ്, സെലെറിയോ, ബലേനൊ, ഡിസയര്‍ മോഡലുകളില്‍ 50,324 എണ്ണമാണു വിറ്റുപോയത്. 2015 സെപ്റ്റംബറില്‍ 44,826 എണ്ണം വിറ്റു. വര്‍ധന 12.3%.ജിപ്‌സി, എസ്‌ക്രോസ്, വിറ്റാര ബ്രസ, എര്‍ട്ടിഗ എന്നിവയുള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിലായിരുന്നു വില്‍പനയുടെ കുതിച്ചുചാട്ടം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ആറു ശതമാനം വര്‍ധനയാണ് നേടിയത്. 12,067 കാറുകള്‍. 2015 സെപ്റ്റംബറില്‍ 11,376 എണ്ണം. പുതിയ ഇന്നോവ ക്രിസ്‌നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡല്‍ഹിയില്‍ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കിയതും വില്‍പനയ്ക്കു താങ്ങായി.

ഫോഡ് ഇന്ത്യയ്ക്ക് ഒന്‍പതു ശതമാനം വില്‍പന വര്‍ധനയാണുണ്ടായത്. 9,018 കാറുകള്‍ നിരത്തിലിറങ്ങി. 2015 സെപ്റ്റംബറില്‍ 8274 എണ്ണം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏഴു ശതമാനം വര്‍ധനയാണ് നേടിയത്. 42,545 കാറുകള്‍ വിറ്റുപോയി. 2015 സെപ്റ്റംബറില്‍ ഇത് 39,693 യൂണിറ്റായിരുന്നു. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന് 18.77% വില്‍പന കുറഞ്ഞു. കഴിഞ്ഞ മാസം വിറ്റത് 15,034 യൂണിറ്റുകള്‍.

SHARE