20 വര്‍ഷമായി ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ച ബി.ജെ.പി നേതാവ് പിടിയില്‍, ഓട്ടോയുടെ പേര് മോഡിജി


കരുനാഗപ്പള്ളി: 20 വര്‍ഷത്തോളമായി കരുനാഗപ്പള്ളിയില്‍ ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ച ബി.ജെ.പി നേതാവ് പിടിയില്‍. താമരയണ്ണന്‍’ എന്നറിയപ്പെടുന്ന ശൂരനാട് കരോട്ടയ്യത്ത് യശോധരനാണ് കരുനാഗപ്പള്ളിയില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ പിടിയിലായത്.

ഓട്ടോറിക്ഷയില്‍ താമരയും മോദിയുടെയും മറ്റു ബി.ജെ.പി നേതാക്കളുടെയുമെല്ലാം ചിത്രങ്ങളുണ്ട്. ബി.ജെ.പിയുടെ ഏത് പരിപാടി സംസ്ഥാനത്ത് എവിടെ ഉണ്ടെങ്കിലും ബി. ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് അലങ്കരിച്ച വാഹനം അവിടെയെത്തും. കടുത്ത സംഘ പ്രവര്‍ത്തകനും ബി. ജെ. പി നേതാവുമാണ് യശോധരന്‍.

20 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ ഓട്ടോ ഓടിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനില്‍ വെച്ച് മാസ്‌കും യൂണിഫോമും ധരിക്കാതെ ഓട്ടോയിലെത്തിയ ഇയാളെ പട്രോളിങ് സംഘം തടഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂം എസ്.ഐ പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. തൊടിയൂര്‍ പാലത്തിനു സമീപമുള്ള സ്റ്റാന്‍ഡിലാണ് ഇയാള്‍ ഓട്ടോ ഓടിച്ചിരുന്നത്.

കടുത്ത മോദി ഭക്തന്‍ കൂടിയായ ഇയാള്‍ തന്റെ ഓട്ടോക്ക് ‘മോഡിജി’ എന്നുകൂടി പേരു നല്‍കിയിരുന്നു. ഇയാള്‍ പിടിയിലായതോടെ രക്ഷിക്കാന്‍ ഉന്നതരില്‍ ചിലര്‍ രംഗത്തെത്തിയെങ്കിലും പൊലീസ് വഴങ്ങിയില്ല. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി കരുനാഗപ്പള്ളി സി.ഐ എസ് മഞ്ജുലാല്‍ അറിയിച്ചു.

SHARE