കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ പിടിയില്‍

കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ പിടിയില്‍. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒ.കെ.ശ്രീലേഷ് , ഷൈജു കാവോത്ത് എന്നിവരാണ് പിടിയിലായത്.വായ്പ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലിറക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയെത്തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടാഴ്ച്ച മുമ്പാണ് രാജേഷ് വായ്പ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്.

പെര്‍മിറ്റ് അടക്കമുള്ളവ ശരിയാക്കി ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ അന്നു മുതല്‍ മറ്റു ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കത്തിലായി. രാജേഷിന്റെ ഓട്ടോറിക്ഷ അവിടെ ഓടിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ നിലപാട്. എന്നാല്‍ രാജേഷ് ഇത് അവഗണിച്ചു. നാല് ദിവസം മുമ്പ് രാജേഷിനെ വഴിയില്‍ തടഞ്ഞുവച്ച് ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിച്ചു. രോഗിയായ ഭാര്യയെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യാ ശ്രമം.

ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ രാജേഷ് ചികിത്സയിലാണ്. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ് ഏലത്തൂര്‍ സ്വദേശിയായ രാജേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന രാജേഷിന്റെ നില ഗുരുതരമാണെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

SHARE