ജയ് ശ്രീറാം, മോദി സിന്ദാബാദ് വിളിക്കാത്തതിന് ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു

ജയ്പൂര്‍: ജയ് ശ്രീറാം, മോദി സിന്ദാബാദ് മുദ്രാവാക്യം മുഴക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. രാജസ്ഥാനിലെ സികാര്‍ ജില്ലയിലാണ് സംഭവം. 52കാരനായ ഗഫാര്‍ അഹമ്മദ് ആണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തിന്റെ പല്ല് പൊട്ടിയിരുന്നു, കണ്ണും കവിളും അടിയേറ്റ് വീര്‍ത്ത അവസ്ഥയിലായിരുന്നു.

സംഭവത്തെ കുറിച്ച് ഗഫാര്‍ അഹമ്മദ് പറഞ്ഞതിങ്ങനെ-”വെള്ളിയാഴ്ച വെളുപ്പിന് രണ്ട് പേരെ സമീപത്തെ ഗ്രാമത്തില്‍ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. കാറില്‍ വന്ന രണ്ട് പേര്‍ പുകയില ചോദിച്ചു. തുടര്‍ന്ന് അവരില്‍ ഒരാള്‍ മോദി സിന്ദാബാദ് വിളിക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നു. തുടര്‍ന്ന് വണ്ടിയെടുത്ത് അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അവര്‍ കാറില്‍ പിന്നാലെ വന്ന് ജമാല്‍പുരയ്ക്ക് സമീപം എന്റെ ഓട്ടോ തടഞ്ഞു. വണ്ടിയില്‍ നിന്ന് ബലമായി ഇറക്കി മോദി സിന്ദാബാദ്, ജയ്ശ്രീറാം ഉരുവിടാന്‍ നിര്‍ബന്ധിച്ച് വീണ്ടും അടിച്ചു. എന്റെ രണ്ട് പല്ല് പൊട്ടിപ്പോയി. വടി കൊണ്ടാണ് അടിച്ചത്. ഇടത് കണ്ണിനും കവിളിനും തലയ്ക്കും പരിക്കേറ്റു. എന്നെ പാകിസ്താനിലേക്ക് അയച്ച ശേഷമേ അവര്‍ക്ക് വിശ്രമമൂള്ളൂവെന്ന് പറഞ്ഞു”.

തന്നെ ആക്രമിച്ചവര്‍ കയ്യിലുണ്ടായിരുന്ന 700 രൂപയും വാച്ചും പിടിച്ചുവാങ്ങിയെന്നും ഗഫാര്‍ അഹമ്മദ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശംഭുദയാല്‍, രാജേന്ദ്ര എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ മദ്യപിച്ച ശേഷമാണ് ഓട്ടോ ഡ്രൈവറെ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തല്‍, ബോധപൂര്‍വം പരിക്കേല്‍പിക്കല്‍, തടഞ്ഞുവെയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് സദാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പുഷ്‌പേന്ദ്രസിങ് പറഞ്ഞു. ഗഫാര്‍ അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

SHARE