താലിബാനുമായി അനുരഞ്ജന കരാറില്‍ ഒപ്പുവെച്ച് അഫ്ഗാനില്‍ മുട്ടുമടക്കി അമേരിക്ക; സ്വാഗതം ചെയ്ത് ആസ്‌ത്രേലിയ

ustralian special forces fighting with Afghan troops at Tarin Kowt in Afghanistan in 2013. Australian troops have been involved in the conflict since 2001. Photograph: Corporal Raymond Vance

ദോഹ: അഫ്ഗാനിസ്താനില്‍ സമാധാന പ്രതീക്ഷകളുണര്‍ത്തി അമേരിക്കയും താലിബാനും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. പതിനെട്ട് വര്‍ഷമായി തുടരുന്ന അധിനിവേശത്തില്‍ വിജയം കാണാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ താലിബാനുമായി അമേരിക്ക ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമാകുകയായിരുന്നു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ താലിബാന്‍ നേതാക്കളോടൊപ്പം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പങ്കെടുത്തു.

കരാര്‍ പ്രകാരം താലിബാന്‍ സമാധാന വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും 14 മാസത്തിനകം അഫ്ഗാനിസ്താനില്‍നിന്ന് തങ്ങളുടെ മുഴുവന്‍ സൈനികരെയും പിന്‍വലിക്കും. അഫ്ഗാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനില്‍ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ അല്‍ഖാഇദയേയോ മറ്റ് തീവ്രവാദ സംഘടനകളേയോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കരാറില്‍ താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പോംപിയോയുടെ സാന്നിദ്ധ്യത്തില്‍ അമേരിക്കയുടെ പ്രത്യേക ദൂതന്‍ സല്‍മായ് ഖലീല്‍സാദും താലിബാന്റെ രാഷ്ട്രീയകാര്യ മേധാവി അബ്ദുല്‍ ഗനി ബരാദറുമാണ് കരാറില്‍ ഒപ്പുവെച്ചത്. അഫ്ഗാന്‍ അധിനിവേശത്തിന് ശേഷം താലിബാനെ ഭീകരപട്ടികയില്‍ ചേര്‍ത്ത് യുദ്ധം ചെയ്തിരുന്ന അമേരിക്ക ദയനീയമായി പരാജയപ്പെട്ട് മുട്ടുമടക്കിയിരിക്കുകയാണ്. ഒരു ലാഭവുമില്ലാത്ത യുദ്ധത്തില്‍നിന്ന് പിന്മാറാന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി സൈനികരെ വന്‍തോതില്‍ വെട്ടിക്കുറക്കുകയും ചെയ്തു. പക്ഷെ, തങ്ങളെ അനുകൂലിക്കുന്ന അഫ്ഗാന്‍ നേതാക്കളെ താലിബാന് വിട്ടുകൊടുത്ത് ഉപേക്ഷിച്ചുപോരാന്‍ അമേരിക്കയുടെ അഭിമാനം സമ്മതിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ യു.എസ് തയാറായത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സാന്നിദ്ധ്യത്തില്‍ അമേരിക്കയുടെ പ്രത്യേക ദൂതന്‍ സല്‍മായ് ഖലീല്‍സാദും താലിബാന്റെ രാഷ്ട്രീയകാര്യ മേധാവി അബ്ദുല്‍ ഗനി ബരാദറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിന്ന് യുഎസ് സേന പിന്മാറുന്നതിനെ സ്വാഗതം ചെയ്ത് ആസ്‌ത്രേലിയ രംഗത്തെത്തി. നീണ്ട കാലത്തെ യുദ്ധം തകര്‍ന്ന രാജ്യത്ത് നിന്ന് യുഎസ് സേന പിന്മാറുന്നതിനെ സ്വാഗതം ചെയ്ത ആസ്‌ത്രേലിയ, അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ വിശ്വാസത്തിലെത്താന്‍ താലിബാനോട് ആവശ്യപ്പെട്ടു.
അമേരിക്കയും താലിബാനും തമ്മില്‍ ഒപ്പുവച്ച കരാറിനെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും പ്രതിരോധമന്ത്രി ലിന്‍ഡ റെയ്‌നോള്‍ഡ്‌സും ഞായറാഴ്ച സംയുക്ത പ്രസ്താവന ഇറക്കി. 19 വര്‍ഷം നീണ്ട സഖ്യസേനയുടെ അധിനിവേശത്തില്‍ നാല്‍പത്തിയൊന്ന് ഓസ്‌ട്രേലിയക്കാരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം 2400ലേറെ യു.എസ് സൈനികര്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് അഫ്കാനികളാണ് യുദ്ധംകാരണം കൊല്ലചെയ്യപ്പെട്ടത്. 400 ഓളം ഓസ്‌ട്രേലിയന്‍ സൈനികര്‍ രാജ്യത്ത് തുടരുന്നതായാണ് വിവരം.

2001 സെപ്തംബര്‍ 11ന് ന്യൂയോര്‍ക്കില്‍ ലോകവ്യാപാരം കേന്ദ്രം തകര്‍ക്കപ്പെട്ട ഭീകരാക്രമണങ്ങളെ തുടര്‍ന്നാണ് അമേരിക്ക അഫ്ഗാനിസ്താനെ ആക്രമിച്ചത്. അല്‍ഖാഇദ മേധാവി ഉസാമ ബിന്‍ ലാദനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. താലിബാനായിരുന്നു അപ്പോള്‍ അഫ്ഗാന്‍ ഭരിച്ചിരുന്നത്. യു.എസുമായി നേരിട്ട് ഏറ്റുമുട്ടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ താലിബാന്‍ മലമടക്കുകളിലേക്ക് പിന്‍വാങ്ങുകയും അമേരിക്കന്‍ സേനയുമായി ഒളിയുദ്ധം തുടങ്ങുകയും ചെയ്തു. താലിബാനെ ദിവസങ്ങള്‍ക്കം ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങിയ അമേരിക്കക്ക് തങ്ങള്‍ അകപ്പെട്ടിരിക്കുന്ന അപകടം തിരിച്ചറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. കാബൂളില്‍ തങ്ങളുടെ ഇംഗിതത്തിന് തുള്ളുന്ന ചില നേതാക്കളെ ഭരണാധികാരികളായി അവരോധിച്ചെങ്കിലും അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളും താലിബാന്റെ നയിന്ത്രണത്തില്‍ തന്നെയായിരുന്നു.മാത്രമല്ല, വര്‍ഷങ്ങള്‍ പിന്നിടും തോറും താലിബാന്‍ അഫ്ഗാനിസ്താന്റെ ഭൂപ്രദശങ്ങളില്‍ കൂടുതല്‍ പിടിമുറുക്കി. അതിനിടക്ക് താലിബാനെ ഭീകരപട്ടികയില്‍നിന്ന് യു.എസ് ഒഴിവാക്കിയിരുന്നു. ഇരുവിഭാഗവും കരാര്‍ വ്യവസ്ഥകള്‍ പാലിച്ച് സമാധാനത്തിന് സഹായകമായി പ്രവര്‍ത്തിക്കുമോ എന്ന് മാത്രമാണ് ഇനി കാണാനുള്ളത്.

അല്‍ഖാഇദയുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്ന ഉറപ്പ് പാലിക്കണമെന്ന് പോം പിയോ താലിബാനോട് ആവശ്യപ്പെട്ടു. ദോഹയില്‍ കരാറിന്റെ ഒപ്പുവെക്കല്‍ നടക്കുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയോടൊപ്പമായിരുന്നു.
അഫ്ഗാന്‍ ഭരണകൂടത്തെ ഒഴിച്ചുനിര്‍ത്തിയാണ് അമേരിക്കയും താലിബാനും കരാറില്‍ ഒപ്പുവെച്ചത്. ആദ്യ പടിയായി അടുത്ത 20 ആഴ്ചകള്‍ക്കകം 5400 സൈനികരെ പിന്‍വലിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 12500 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. സാമ്പത്തികമായി അമേരിക്കയുടെ നട്ടല്ലൊടിച്ച യുദ്ധം അവസാനിച്ചാലും അതിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ യു.എസിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.