മകനെ സ്രാവ് പിടിച്ചു; കടലിലേക്ക് ചാടി അച്ഛന്‍ സാഹസികമായി രക്ഷിച്ചു


ടാസ്മാനിയ: പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനെ സ്രാവ് ആക്രമിച്ചു. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചു കൊണ്ടുപോകുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ അച്ഛന്‍ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ തന്നെ കടലിലേക്കു ചാടുകയായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടന്നുകളഞ്ഞു.

ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലാണ് സംഭവം. ടാസ്മാനിയ ദ്വീപിന്റെ തീരപ്രദേശത്താണ് സംഭവം നടന്നത്. തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സംഘം മീന്‍പിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്റെ ആക്രമണം.

കുട്ടി സുരക്ഷാവസ്ത്രങ്ങള്‍ ധരിച്ചിരുന്നു. പിതാവിനൊപ്പം മറ്റു രണ്ടു മീന്‍പിടിത്തക്കാരും ബോട്ടിലുണ്ടായിരുന്നു. സ്രാവിന്റെ ആക്രമണത്തില്‍ കുട്ടിക്ക് കയ്യിലും നെഞ്ചിലും തലയിലും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലാണ് കുട്ടി ഇപ്പോഴുള്ളത്. കുതിച്ചെത്തിയ സ്രാവ് കുട്ടിയെ ബോട്ടില്‍നിന്ന് കടിച്ച് കടലിലേക്കു വലിക്കുകയായിരുന്നു.

SHARE