ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; നിയന്ത്രിക്കാനാവാതെ, ന്യൂസീലാന്റിന്റെ ആകാശവും ചുവക്കുന്നു

സിഡ്‌നി: നാലുമാസമായി തുടരുന്ന കാട്ടുതീ ഓസ്‌ട്രേലിയയെ വിഴുങ്ങുന്നു. കഴിഞ്ഞ സെപ്തബര്‍ തുടങ്ങി നാലുമാസം പിന്നിട്ട് 2020 ജനുവരി ആരംഭിച്ചിട്ടും കാട്ടുതീ അണയാതത്തത് രാജ്യത്തെ ദുരിതത്തിലാക്കരിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രൂക്ഷമായ തീ 112 ഇടങ്ങളിലായി പുതുതായി പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

തീരപ്രദേശങ്ങളിലേക്കും തീ പടര്‍ന്നപ്പോള്‍ ആയിരങ്ങളാണ് ബീച്ചുകളിലും അവധിക്കാല കേന്ദ്രങ്ങളിലും കുടുങ്ങിയത്. അഗ്‌നിരക്ഷാസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. തീ നിയന്ത്രിക്കാനാവാത്ത സ്ഥിതിയായിതിനാല്‍ ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ച അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇരുനൂറിലധികം ഇടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ന്യൂ സൗത്ത് വടക്ക് കിഴക്കന്‍ മേഖലയിലെ വെയില്‍സ്, വിക്‌റ്റോറിയ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ഇടങ്ങളില്‍ കാട്ടുതീ പടര്‍ന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മിക്കയിടങ്ങളിലും റോഡുകള്‍ തടസ്സപ്പെട്ടതിനാല്‍ ഹെലികോപ്റ്ററുകളിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്.

https://twitter.com/goldiedowoonie/status/1212567719620427777

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ച താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റും ഉണ്ടാകും. ശനിയാഴ്ചക്ക് മുമ്പ് ന്യൂ സൗത്ത് വെയില്‍സ് തീരത്ത് നിന്ന് 260 കിലോമീറ്ററെങ്കിലും അകലേക്ക് മാറണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരപ്രദേശമാകെ കാട്ടുതീയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ നിന്ന് നാവികസേന കപ്പലിലാണ് ആളുകളെ നീക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ പുക നിറഞ്ഞതോടെ റോഡുകള്‍ മിക്കവയും അടച്ചിട്ടിരിക്കുകയാണ്. പ്രധാന ഹൈവേകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു. കാന്‍ബറയിലേക്കും സിഡ്‌നിയിലേക്കുമുള്ള പ്രധാന റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് മുന്നോട്ട് പോകാനാകാതെ കാത്തുകിടക്കുന്നത്. മിക്ക നഗരങ്ങളിലും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെട്രോളിയം ടാങ്കറുകള്‍ പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നതിനാല്‍ പമ്പുകളെല്ലാം ഒഴിഞ്ഞിരിക്കുകയാണ്. കാട്ടുതീ ഏറ്റവും രൂക്ഷമായ ന്യൂ സൗത്ത് വെയില്‍സില്‍ മാത്രം ഈയാഴ്ച മരിച്ചത് ഏഴുപേരാണ്. മരിച്ചവരില്‍ 28 വയസ്സുകാരനായ രക്ഷാപ്രവര്‍ത്തകനുമുണ്ട്. 381 വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. വിക്‌റ്റോറിയയില്‍ 43 വീടുകളാണ് കത്തിച്ചാമ്പലായത്. എന്നാല്‍ തീ ഇപ്പോഴും പടരുന്നതിനാല്‍ ഈ സംഖ്യകള്‍ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാട്ടുതീ രൂക്ഷമായതിന് ശേഷം നിരവധിയാളുകളെ കാണാതായിട്ടുമുണ്ട്. വിക്‌റ്റോറിയയില്‍ 17 പേരെ കാണാതായതായി സംശയിക്കുന്നുണ്ടെന്നാണ് വിക്‌റ്റോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കാട്ടുതീയെ തുടര്‍ന്ന് 330 കിലോമീറ്ററോളം ദൂരം റോഡ് അടച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. മല്ലകൂട്ടയില്‍ ആയിരക്കണക്കിനാളുകളാണ് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ബീച്ചുകളിലേക്ക് പലായനം ചെയ്തത്. ഇവരെ നാവികസേന ബോട്ടുകളില്‍ രക്ഷപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ കൂറ്റന്‍ കാട്ടുതീയില്‍ നിന്നുള്ള പുകപടലങ്ങള്‍ 2000 കിലോമീറ്റര്‍ അകലെയുള്ള ന്യൂസീലാന്റിന്റെ ആകാശത്തുമെത്തി. അന്തരീക്ഷം ചുവന്നിരിക്കുകയാണ്. ന്യൂസീലന്റിന്റെ സൗത്ത് ദ്വീപിലാണ് ആദ്യം പുകയെത്തിയത്. ഡിസംബര്‍ 31 മുതല്‍ ഇവിടെ ആകാശം മഞ്ഞകലര്‍ന്ന ചുവപ്പ് നിറത്തിലാണ്.