50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്; തെറ്റ് പറ്റിയതായി സമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ പുറത്തിറക്കിയ 50 ഡോളര്‍ നോട്ടില്‍ അക്ഷരത്തെറ്റ്. നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെ പ്രഥമ വനിത അംഗമായ എഡിത്ത് കോവന്റെ സന്ദേശത്തിന്റെ ഭാഗത്താണ് ഭീമാബദ്ധം പറ്റിയത്. നോട്ടില്‍ കുറിച്ച സന്ദേശത്തില്‍ ‘റെസ്‌പോന്‍സിബിലിറ്റി’ എന്ന വാക്കിലാണ് അക്ഷരപ്പിശക് കടന്നുകൂടിയത്. ഈ വാക്കില്‍ ‘എല്ലി’നും ‘റ്റി’ക്കുമിടയില്‍ വരേണ്ട ‘ഐ’ എന്ന അക്ഷരം വിട്ടുപോയതാണ് പ്രശ്‌നമായത്. അമ്പത് ഡോളറിന്റെ 46 ദശലക്ഷം നോട്ടുകള്‍ ഇപ്പോള്‍ സര്‍ക്കുലേഷനിലുള്ളത്.

തെറ്റ് പറ്റിയതായി സമ്മതിച്ച റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അടുത്ത പ്രിന്റില്‍ തിരുത്തുമെന്നും അറിയിച്ചു. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് 50 ഡോളര്‍ നോട്ടുകളാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കിയത്.

SHARE