കര്‍ണാടക: പണം വാഗ്ദാനം ചെയ്യുന്ന നേതാക്കളുടെ ശബ്ദ രേഖ; ധൈര്യമുണ്ടെങ്കില്‍ ഫോറന്‍സിക്  അയക്കാന്‍  കോണ്‍ഗ്രസിന്റെ വെല്ലുവിളി

ബെംഗളൂരു: കര്‍ണാടകയില്‍ തങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായി കോഴ വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ ഓഡിയോ ക്ലിപ്പിങ് ഒറിജിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ കെട്ടിച്ചമക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഓഡിയോ ക്ലിപ്പിങ് ഫോറന്‍സിക് പരിശോധന്ക്ക് അയക്കാന്‍ തങ്ങള്‍ തയ്യറാണെന്നും അതിനുള്ള ധൈര്യം ബി.ജെ.പിക്കുണ്ടോയെന്നും കോണ്‍ഗ്രസ് വി.എസ് ഉഗ്രപ്പ ചോദിച്ചു.

നേരത്തെ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പുകള്‍ കൃത്രിമാണെന്നും ബി.ജെ.പിക്കെതിരെ വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ കോണ്‍ഗ്രസ് നടത്തുകയാണെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ഉഗ്രപ്പ രംഗത്തെത്തിയത്. താത്കാലിക മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദ്യൂരപ്പയുടേത് അടക്കം പല പ്രമുഖരുടേയും ഓഡിയോ കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു.

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഏതുവിധേനയും ഭൂരിപക്ഷം തെളീക്കാനുള്ള ശ്രമത്തിനിടെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവും മന്ത്രിപദവും വാഗ്ദാനം നല്‍കി തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ബി.ജെ.പി ശ്രമങ്ങള്‍ നടത്തിയത്. ഇതിന്റെ ടേപ്പുകളാണ് പുറത്തുവിട്ടത്.

പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ ഒന്ന് ഹയര്‍കെറൂര്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.സി പാട്ടീലിനെയാണ് യെദ്യൂരപ്പ ഫോണില്‍ ബന്ധപ്പെടുന്നതാണ് ഞങ്ങള്‍ക്കൊപ്പം വരൂ വേണ്ടത് ചെയ്യാം എന്നാണ് യെദ്യൂരപ്പ ആവര്‍ത്തിച്ചു പറയുന്നത്. കൊച്ചിയിലേക്ക് പോകരുതെന്ന് ഫോണ്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ബസ്സിലാണ് പുറത്തിറങ്ങാന്‍ സാധിക്കില്ലെന്നും നിങ്ങള്‍ പറയുന്നതും വ്യക്തമല്ലെന്നും കോണ്‍ഗ്രസ്സ് എം എല്‍ എ പ്രതികരിക്കുന്നു.

കോണ്‍ഗ്രസിന്റെ റായ്ചുര്‍ റൂറല്‍ എം.എല്‍.എ ബസവനഗൗഡ ദഡ്ഡലിനോട് റെഡ്ഡി സഹോദരന്‍ സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ട മറ്റൊന്ന്. ജനാര്‍ദന്‍ സാറിനോട് സംസാരിക്കാന്‍ താങ്കള്‍ക്കിപ്പോള്‍ സമയമുണ്ടോ എന്നൊരു പുരുഷശബ്ദം എം.എല്‍.എയോട് ചോദിച്ചാണ് സംഭാഷണം ആരംഭിക്കുന്നത്. രണ്ടു മിനിറ്റും 41 സെക്കന്റും ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണിത്.