പി.സി ജോര്‍ജ്ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി

ആലുവ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എംഎല്‍എക്കെതിരെ ഇരയായ നടിയുടെ മൊഴി.

പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് നടി പൊലീസിനു മുമ്പാകെ മൊഴി നല്‍കി. എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ തനിക്ക് സമൂഹത്തില്‍ മാനക്കേടുണ്ടാക്കി. താന്‍ മോശക്കാരിയാണെന്ന ധാരണ സമൂഹത്തില്‍ പടരാന്‍ ഇടയാക്കിയതായും നടി പറഞ്ഞു.

നെടുമ്പാശേരി പൊലീസാണ് നടിയുടെ തൃശൂരിലെ വീട്ടിലെത്തി മൊഴി എടുത്തത്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ഐ.പി.സി.സി 228 എ വകുപ്പുപ്രകാരമാണ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന് നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. നേരത്തെ വനിതാ കമ്മീഷനും പി.സി ജോര്‍ജ്ജിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. പീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ്ജ് ചോദിച്ചത്.

കൂടാതെ നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ്ജ് ആക്ഷേപിച്ചിരുന്നു. ഇതിനെതിരെയാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.