കോവിഡ് രോഗിയുടെ മരണം; ഗാന്ധി ഹോസ്പിറ്റലിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമം; പ്രതിഷേധവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍

ഹൈദരാബാദ്: കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 55 കാരന്റെ മരണത്തെത്തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ആസ്പത്രിയില്‍ കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍. ചൊവ്വാഴ്ച രാത്രി തെലങ്കാനയിലെ ഗാന്ധി ആസ്പത്രിയിലാണ് അക്രമസംഭവമുണ്ടായത്.

‘അവര്‍ ഫര്‍ണിച്ചറുകള്‍ കൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ അടിച്ചതായും. പ്ലാസ്റ്റിക് കസേരകള്‍ നശിപ്പിക്കുകയും ആക്രമണം തടയാനെത്തിയവരെ മര്‍ദ്ദിച്ചതായും പ്രതിഷേധം നേടത്തുന്ന ഡോക്ടര്‍മാര്‍ ആരോപിച്ചു.

ഗാന്ധി ആസ്പത്രിയിലെ കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന മുന്നൂറിലധികം പിജി ഡോക്ടര്‍മാരാണ് അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നതായി പറഞ്ഞ് പ്രതിഷേധിക്കുന്നത്. മാസങ്ങളായി കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഞങ്ങള്‍ ഒരു ആനുകൂല്യങ്ങളും ഇല്ലെന്നും എന്നാല്‍ ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍്ക്കും അവരുടെ സുരക്ഷ പോലും ഇല്ലാതിരിക്കയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, കോവിഡ് കാലത്ത് ഡ്യൂട്ടി ഡോക്ടമാരോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനെതിരെ കൂടിയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം നടക്കുന്നത്. ഡോക്ടര്‍മാര്‍ സംരക്ഷണം, കൂടുതല്‍ നിയമനം, മതിയായ പിപിഇ, എന്‍ 95 മാസ്‌കുകള്‍ എന്നിവയ്ക്കായാണ് മുന്നൂറോളം ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം നടത്തുന്നത്.

‘ഗാന്ധി ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ രണ്ടാമത്തെ ആക്രമണമാണിത് നടക്കുന്നത്. കോവിഡ് ചികിത്സയുടെ പ്രാധാന്യവും പൊലീസും സര്‍ക്കാരും ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പും പരിഗണിച്ച് അന്ന് പ്രതിഷേധിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഞങ്ങള്‍ക്ക് മൗനം പാലിക്കാന്‍ കഴിയില്ല,’ ഗാന്ധി ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ലോഹിത് പറഞ്ഞു.
ഏപ്രില്‍ രണ്ടിന് 49കാരനായ രോഗിയുടെ മരണത്തെ തുടര്‍ന്നായിരുന്നു ഡ്യൂട്ടി ഡോക്ടര്‍മാര്‍ ആക്രമത്തിനിരയായത്. ഡോക്ടറാണ് മരണത്തിന് ഉത്തരവാദി എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

Image

സര്‍ക്കാര്‍ ഹെലിക്കോപ്റ്റര്‍ വെച്ച് പൂക്കള്‍ വിതരി ആദരവ് അര്‍പ്പിച്ച അതേ ഇടത്ത് വെച്ചാണ് ഞങ്ങള്‍ അക്രമിക്കപ്പെടുന്നതെന്നും മാസങ്ങളായി തുടരുന്ന നമ്മുടെ ജോലിയുടെ കഠിനത സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്നും പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.

അതേസമയം, ഗാന്ധി ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ തെലങ്കാന സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് സമീപിച്ചിട്ടുണ്ട്.

അതേസമയം, രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ 79 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചതും വലിയ വിവാദമായിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 4 ഡോക്ടര്‍മാര്‍ക്കും 3 പാരാമെഡിക്സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ആവശ്യമുണ്ടെന്ന് എന്‍.ഐ.എം.എസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു