ഗസ്സ: റോക്കറ്റാക്രമണം ആരോപിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ സേനയുടെ ബോംബു വര്‍ഷം. ഗസ്സയിലെ 15 കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തി. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡിന്റെ കേന്ദ്രങ്ങളിലായിരുന്നു ആക്രമണമെന്ന് ഇസ്രാഈല്‍ അറിയിച്ചു. ആളപായമോ പരിക്കോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. വടക്കന്‍ ഗസ്സയില്‍ ഹമാസിന്റെ മൂന്ന് സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. സംഭവത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല.
ഹമാസും ഇസ്രാഈലും വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി ദിവസങ്ങള്‍ക്കകമായിരുന്നു വ്യോമാക്രമണം. ഗസ്സയില്‍ 120ലേറെ പേര്‍ കൊല്ലപ്പെട്ട ആക്രമണങ്ങള്‍ക്കുശേഷം മെയ് 30നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഫലസ്തീനില്‍നിന്ന് അജ്ഞാതര്‍ നടത്തുന്ന ഒറ്റപ്പെട്ട റോക്കറ്റാക്രമണത്തിന് വ്യോമാക്രമണങ്ങള്‍ നടത്തിയാണ് ഇസ്രാഈല്‍ മറുപടി നല്‍കാറുള്ളത്. ഫലസ്തീനുകളുമായുണ്ടാക്കിയ കരാറുകള്‍ക്ക് ഇസ്രാഈല്‍ വില കല്‍പ്പിക്കാറുമില്ല.
1948ല്‍ ആട്ടിപ്പുറത്താക്കപ്പെട്ട ഫലസ്തീനികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന് ഗസ്സയില്‍ തുടങ്ങിയ പ്രക്ഷോഭത്തില്‍ 120ലേറെ പേര്‍ കൊല്ലപ്പെടുകയും 13,000ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.