കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത് അക്രമികള്‍; ജീവനക്കാരനെ മര്‍ദിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ഓഫീസില്‍ അക്രമം. നാലംഗ സംഘം ഓഫീസിലെത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയും ഫയലുകളും രേഖകളും മോഷ്ടിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഡല്‍ഹിയിലെ വീടിനോട് ചേര്‍ന്ന ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം വലിയ രീതിയില്‍ ഇന്ന് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവിന്റെ ഓഫീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്.

ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതിഷേധം ഇന്നും സഭയില്‍ കയ്യാങ്കളിയിലെത്തിയിരുന്നു. അച്ചടക്കലംഘനമുണ്ടായാല്‍ എംപിമാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാല്‍ എംപിമാരെ ഒരു സമ്മേളനക്കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യുമെന്നും പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലേക്ക് വരാന്‍ പാടില്ലെന്നും ഓം ബിര്‍ള വ്യക്തമാക്കി. കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം ഈ തീരുമാനങ്ങളോട് പ്രതികരിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷബഹളം വെച്ചു.