യുവതിക്കുനേരെയുള്ള ആക്രമണം; തിരക്കഥാകൃത്തിന് മൂന്നുവര്‍ഷം തടവുശിക്ഷ

കൊച്ചി: യുവതിക്കു നേരെ ആക്രമണം നടത്തിയെന്ന കേസില്‍ തിരക്കഥാകൃത്തിന് മൂന്നരവര്‍ഷം തടവ്. മലപ്പുറം സ്വദേശി മുഹമ്മദ് ഹാഷിറിനെയാണ് എറണാംകുളം അഡീഷ്‌നല്‍ സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി മൂന്നരവര്‍ഷം തടവുശിക്ഷയും 40,000 രൂപ പിഴയും വിധിച്ചത്.

കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ച് 2014-ലാണ് ഹാഷിര്‍ യുവതിയെ കടന്നുപിടിച്ചത്. നീലാകാശം പച്ചക്കടല്‍, ചുവന്ന ഭൂമി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ തിരക്കഥാകൃത്താണ് മുഹമ്മദ് ഹാഷിര്‍. മൂന്നരവര്‍ഷത്തെ ശിക്ഷ ഒരുമിച്ച് രണ്ടുവര്‍ഷമായി അനുഭവിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു. പിഴ സംഖ്യയായ 40,000രൂപ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി അധികമായി തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ കയറിപ്പിടിച്ച കേസില്‍ ഹാഷിറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹാഷിറില്‍ നിന്ന് കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്ന് പ്രതി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നും പ്രതി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇതിന് മുമ്പ് ഏര്‍പ്പെട്ടിട്ടില്ലെന്നും പരിഗണിച്ചാണ് ശിക്ഷ കാലാവധി കുറച്ചത്.

SHARE