സഊദി കൊട്ടാരത്തിനു സമീപം വെടിവെപ്പ്; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും കൊല്ലപ്പെട്ടു

ജിദ്ദ: സഊധി അറേബ്യയിലെ അല്‍സലാം കൊട്ടാരത്തിനു സമീപത്ത് വെടിവെപ്പ്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
28കാരനായ സഊദി സ്വദേശി മന്‍സൂര്‍ അല്‍ അമ്രിയാണ് വെടിവെപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊലപ്പെടുത്തി. വാഹനത്തില്‍ ഗേറ്റിനു സമീപമെത്തിയ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം വൈകീട്ട് 3.15ഓടെയായിരുന്നു ആക്രമണം. സംഭവവുമായി ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. അക്രമിയുടെ കാറില്‍ നിന്ന് തോക്കുകളും കൈബോംബുകളും കണ്ടെടുത്തിട്ടുണ്ട്. റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ സഊദി രാജാവ് സ്ഥലത്തുണ്ടായിരുന്നില്ല. രാജകുടുംബം തങ്ങളുടെ ബിസിനസ് കൂടിക്കാഴ്ചകള്‍ നടത്താറുള്ളത് ഈ കൊട്ടാരത്തില്‍വെച്ചാണ്.

SHARE