സന്നിധാനത്ത് എത്തിയ രഹനയുടെ കൊച്ചിയിലെ വീടിന് നേരെ ആക്രമണം; യുവതികള്‍ മടങ്ങും

കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട യുവതികളില്‍ ഒരാളായ രഹന ഫാത്തിമ്മയുടെ വീടിന് നേരെ ആക്രമണം. കൊച്ചി പനമ്പിള്ളി നഗറിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. അതേസമയം, സന്നിധാനത്ത് പ്രതിഷേധം കനത്തതോടെ യുവതികള്‍ മടങ്ങുകയാണ്.

രണ്ടു പ്രതിഷേധക്കാരെത്തി രഹനയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഒരു മണിക്കൂര്‍ മുമ്പാണ് അക്രമികള്‍ ബൈക്കിലെത്തിയത്. വീടിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തിട്ടുണ്ട്. ഗ്യാസ്‌കുറ്റിയും മറ്റു ഉപകരണങ്ങളും തകര്‍ത്തതായാണ് വിവരം. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തുകയാണ്.

സന്നിധാനത്ത് എത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഐ.ജി ശ്രീജിത്ത് ഇവരോട് സംയമനത്തോടെ സംസാരിച്ചുവെങ്കിലും യുവതികള്‍ മടങ്ങിപ്പോകാതെ വഴങ്ങില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടുന്നത്. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ യുവതികളോട് തിരിച്ചു പോകുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കനത്ത പൊലീസ് സുരക്ഷയോടെയാണ് രണ്ട് യുവതികള്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്നുള്ള യുവതിയും ആന്ധ്രാപ്രദേശിലെ മോജോ ടി.വിയുടെ റിപ്പോര്‍ട്ടര്‍ കവിതയുമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നായിരുന്നു വിവരം. ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സുരക്ഷ ഏര്‍പ്പെടുത്തി. റിപ്പോര്‍ട്ടിംഗിനായാണ് കവിത ശബരിമലയില്‍ എത്തുന്നതെങ്കിലും മറ്റു യുവതിയെക്കുറിച്ച് വ്യക്തമായ അറിവില്ലായിരുന്നു. സുരക്ഷാ മുന്‍കരുതലെന്നോണം കവിതക്ക് പൊലീസ് ഹെല്‍മറ്റും ജാക്കറ്റും നല്‍കിയിട്ടുണ്ട്.

SHARE