ബൈക്കില്‍ പിന്തുടര്‍ന്ന് പ്രിയങ്കയെ അപായപ്പെടുത്താന്‍ നീക്കം? ദൃശ്യങ്ങള്‍ പുറത്ത്

ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസ് തന്നെ വഴിയില്‍ തടഞ്ഞെന്നും കൈയേറ്റം ചെയ്‌തെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് പോകുന്നതിനിടെയാണ് യു.പി പൊലീസ് തടഞ്ഞത്.

എന്തിനാണ് പൊലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പൊലീസ് കൈയേറ്റം ചെയ്‌തെന്നും പ്രിയങ്ക പറഞ്ഞു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകന്റെ സ്‌കൂട്ടറില്‍ കയറിയാണ് ദരാപുരിയുടെ കുടുംബാംഗങ്ങളെ പ്രിയങ്ക പിന്നീട് സന്ദര്‍ശിച്ചത്. ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ അവര്‍ വീണ്ടും വളഞ്ഞെന്നും അതിനുശേഷവും താന്‍ നടന്നു പോവുകയായിരുന്നെന്നും പ്രിയങ്ക പറഞ്ഞു.

ദാരാപുരിക്കൊപ്പം അറസ്റ്റിലായ അധ്യാപികയും ആക്ടിവിസ്റ്റുമായ സദാഫ് ജാഫറിന്റെ കുടുംബാംഗങ്ങളുമായും പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാന്‍ വരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ആദ്യമായല്ല യുപി പൊലീസ് തടയുന്നത്. നേരത്തെ സോണ്‍ഭദ്രയിലെ കുടുംബങ്ങളെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. മീററ്റില്‍ കൊല്ലപ്പെട്ടവരുടം കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും കഴിഞ്ഞ 24ന് പൊലീസ് രേഖപോലും കാണിക്കാതെ തടയുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പൊലീസ് അതേനില തുടര്‍ന്നപ്പോളാണ് പ്രിയങ്ക എതിര്‍ത്ത് പ്രതികരിച്ചത്.

യുപിയില്‍ യോഗി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗുണ്ടാരാജിനെതിരെ പോലിസ് സേനയേയും ബിജെപി വര്‍ഗീയവല്‍ക്കരിച്ചതായി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ മീററ്റ് എസ്പി അഖിലേഷ് എന്‍ സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച പ്രിയങ്ക, ‘ഇത്തരം ഭാഷ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഒരു പൗരനെയും അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തം കൂടുതലാണെന്നും പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളോട് ബഹുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ പെരുമാറുന്ന വ്യവസ്ഥയിലേക്ക് ബിജെപി സ്ഥാപനങ്ങളെ വര്‍ഗീയമായി വിഷലിപ്തമാക്കിയതായും പ്രിയങ്ക ആരോപിച്ചു.

SHARE