കീഴാറ്റൂര്‍ സമരം: വയല്‍ക്കിളി സമര നേതാവിന്റെ വീടിനു നേരെ കല്ലേറ്

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലേറ്. ഇന്നു പുലര്‍ച്ചെ 1.45ഓടെയാണ് ആക്രമണം നടത്തിയത്. രണ്ടു ബൈക്കുകളിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് പറഞ്ഞു.

ബൈക്കിലെത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ഇരുനിലകളിലെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന് ഈ മാസം 25ന് പ്രക്ഷോഭം വ്യാപകമാക്കാന്‍ തീരുമാനിച്ചതിനിടെയാണ് ആക്രമണമുണ്ടായത്.

തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതി കൂട്ടാന്‍ സ്ഥലമില്ലെന്നും നിരവധി വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്നതിനാല്‍ വയലിലൂടെ ബൈപ്പാസ് നിര്‍മ്മിക്കാന്‍ തീരുമാനമാകുകയായിരുന്നു.

ആറ് കിലോമീറ്റര്‍ ബൈപ്പാസില്‍ നാലര കിലോീറ്ററും വയലിന് നടുവിലൂടെയാണ് കടന്നുപോകുന്നത്. ഇതിനെതിരെ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ച് രാപ്പകല്‍ കാവല്‍ കിടന്നാണ് വയല്‍ക്കിളികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിനു പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപ്പന്തലിന് തീയിട്ടിരുന്നു.

SHARE