കാരക്കസ്: വെനസ്വേലയിലെ സുപ്രീം കോടതിക്ക് നേരെ ഹെലികോപ്റ്റര്‍ ആക്രമണം. ഹെലികോപ്റ്ററില്‍ എത്തിയ സംഘം സുപ്രീംകോടതി മന്ദിരത്തിലേക്ക് വെടിവെയ്ക്കുകയും ഗ്രനേഡ് വലിച്ചെറിയുകയുമായിരുന്നു. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ സൈനികോദ്യോഗസ്ഥനായ ഓസ്കാര്‍ പ്രസ് പൊലീസ് ഹെലികോപ്റ്റര്‍ തട്ടിയെടുത്ത് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. അക്രമത്തിന് കാരണക്കാരായവരെ കണ്ടെത്തുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ അറിയിച്ചു.
കോടതിയ്ക്ക് നേരെ നടന്നത് ഭീകരപ്രവൃത്തിയാണെന്നാണ് മഡുറോ വിശേഷിപ്പിച്ചത്. ആക്രമണം നടത്തിയതെന്ന് കരുതുന്ന സൈനികോദ്യോഗസ്ഥന് ഇന്‍സ്റ്റഗ്രാമില്‍ ഇതിനേപ്പറ്റി വിശദീകരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പൊലീസ്, സൈനികര്‍, ജനങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് തങ്ങളെന്നും രാജ്യത്ത് സമാധാനം കൊണ്ടുവരാനും ക്രിമിനല്‍ ഭരണകൂടത്തിനെതിരെയുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിശദീകരിക്കുന്നു. തങ്ങള്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായാണ് ആക്രമണം നടത്തിയതെന്നും ഓസ്കാര്‍ പ്രസ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ വെനസ്വേലയിലെ ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 70 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് മഡുറോയുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെതിരെ ജനരോഷം ഉയര്‍ന്നത്.