പൗരത്വം: ഉത്തരങ്ങളില്ലാതെ കേന്ദ്രസര്‍ക്കാര്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

സംഖ്യാബലം കൊണ്ട് മാത്രം പാര്‍ലമെന്റിന്റെ ഇരുസഭകളെയും അതിജയിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്‌ലിം ലീഗടക്കമുള്ള മതേതര കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചു തുടങ്ങിയിരിക്കുകയാണ്. ഭൂരിപക്ഷമുണ്ടെങ്കില്‍ ഏതു സഭയിലും ആര്‍ക്കും ഏതു ഭേദഗതിയും ചുട്ടെടുക്കാന്‍ സാധിക്കുമെന്നത് ജനാധിപത്യത്തിന്റെ നടപ്പുരീതികളില്‍ പെട്ട കാര്യമാണ്. ജനാധിപത്യത്തിനുമപ്പുറം ധാര്‍മികതയും സത്യസന്ധതയും നീതിബോധവും ഒരു ഭരണകൂടത്തെ നിയന്ത്രിക്കുന്നില്ലെങ്കില്‍ പ്രസ്തുത ഭരണകൂടം നേതൃത്വം നല്‍കുന്ന രാജ്യം ഛിന്നഭിന്നമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ പ്രസക്തമായ ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും വിമര്‍ശനങ്ങളും പ്രതിപക്ഷ നിരയിലെ പ്രമുഖരായ നേതാക്കളില്‍ പലരും ഉന്നയിച്ചപ്പോഴും പാസാക്കപ്പെട്ട ബില്ലിന്റെ ന്യൂനതകളും അതിന്റെ ഭരണഘടനാ വിരുദ്ധ സ്വഭാവവുമെല്ലാം ചൂണ്ടിക്കാണിച്ചപ്പോഴും അതിനെയെല്ലാം മൃഗീയാധിപത്യത്തിന്റെ ലഹരിയില്‍ ഉപായം കൊണ്ട് ഓട്ടയടച്ചും കഷായം വെച്ചും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ആഭ്യന്തര മന്ത്രിയും അദ്ദേഹത്തിന്റെ സഹായികളും ചെയ്തുകൊണ്ടിരുന്നത്.

ഒരു രാജ്യത്ത് ജീവിക്കുവാനും ആ രാജ്യത്തെ ഭൗതികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുമുള്ള അടിസ്ഥാനോപാധിയാണ് പൗരത്വം. അത് ഒരാള്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല എന്നതാണ് ഭാരതം ഇന്നേവരെ സ്വീകരിച്ചുവന്നിട്ടുള്ള നിലപാട്. രാജ്യത്തിന്റെ ഭരണഘടന രൂപം കൊണ്ടപ്പോള്‍ ഇക്കാര്യം പ്രത്യേകമായി ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ജനിച്ച ഏതൊരാളും പൗരത്വത്തിന് അര്‍ഹരാണെന്നുള്ള നിലപാടാണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ജീവിക്കുന്ന വിവിധ വര്‍ഗങ്ങളുടെ അസ്തിത്വം തേടിയുള്ള അലച്ചിലുകള്‍ ഒഴിവാക്കി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവര്‍ എന്ന നിലക്ക് അവര്‍ക്ക് മേല്‍വിലാസമുണ്ടാക്കി കൊടുക്കുകയും അവരുടെ അസ്തിത്വം അംഗീകരിച്ചുകൊടുക്കുകയും ചെയ്യുകയെന്നതാണ് ഭരണഘടന ശില്‍പികള്‍ പറഞ്ഞുവെച്ചത് . ഒരു രാജ്യത്തെ ഭരണകൂടത്തിന് ആ നാട്ടിലെ പ്രജകള്‍ക്ക് നല്‍കാവുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനം അവരുടെ അസ്തിത്വവും പൗരത്വവും അംഗീകരിച്ചുകൊടുക്കുക എന്നതാണ്. കാരണം ഭൂമിയില്‍ അതിരുകള്‍ കെട്ടിയത് മനുഷ്യരാണ്. ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും അവകാശപ്പെട്ടതാണ് സ്വന്തം നാട്ടില്‍ ജീവിക്കാനുള്ള അവകാശം. അതുകൊണ്ടുതന്നെ വെള്ളം, വെളിച്ചം, വായു എന്നിവ പോലെ മനുഷ്യന് ലഭിക്കേണ്ട സ്വാഭാവികവും പ്രകൃതിപരവുമായ അവകാശത്തില്‍ പെട്ടതാണ് പൗരത്വം. അതാണ് എല്ലാറ്റിലുപരിയായി ആദ്യം ലഭിക്കേണ്ടത്. പൗരത്വത്തിന് മതവും ജാതിയും വര്‍ണവും വര്‍ഗവുമില്ല.

മുസ്‌ലിം അല്ലാതാവുക എന്നതാണ് പൗരത്വത്തിനുള്ള യോഗ്യതയായി പുതിയ പൗരത്വ ഭേദഗതി ബില്‍ സൂചിപ്പിക്കുന്നത്. മൂന്നു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള അപേക്ഷ കൊടുക്കുമ്പോള്‍ തന്റെ ജാതിയും മതവും തെളിയിക്കുകയും മുസ്ലിമല്ല എന്ന് ഉറപ്പുവരുത്തുകയും വേണമെന്നാണ് ബില്ലിലെ സാങ്കേതികത്വം. മുസ്‌ലിം ആണെന്ന് തെളിഞ്ഞാല്‍ അയാള്‍ക്ക് പൗരത്വം നല്‍കില്ല. ‘പൗരത്വം’ എന്ന തലക്കെട്ടിലുള്ള ഭരണഘടനയുടെ രണ്ടാം ഭാഗത്തിലെ 5 മുതല്‍ 11 വരെയുള്ള അനുച്ഛേദങ്ങള്‍ ഒരാള്‍ക്ക് പൗരനാകാനുള്ള യോഗ്യതകള്‍ വിശദീകരിക്കുന്നുണ്ട്. അതിലെവിടെയും മതം, ജാതി തുടങ്ങിയ പരാമര്‍ശങ്ങള്‍ പോലും കാണാന്‍ സാധിക്കില്ല. എവിടെ നിന്നാണ് ഇപ്പോള്‍ മതം പൊട്ടിമുളച്ചതെന്നതിന് കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതുസംബന്ധമായ ചോദ്യത്തിന് തൃപ്തികരമായ യാതൊരു മറുപടിയും നല്‍കാന്‍ ആഭ്യന്തരമന്ത്രിക്കായില്ല. ആകെ കൂടി പറഞ്ഞത് ഇന്ത്യയിലെ മുസ്‌ലിംകളെ ഇത് ബാധിക്കില്ല എന്നുമാത്രമാണ്. എങ്കില്‍ പിന്നെ ഇന്ത്യയിലെ വിവിധ പൗരന്മാരെ ബാധിക്കുന്ന ഭരണഘടനയിലെ അനുച്ഛേദങ്ങളെ എന്തിന് ഭേദഗതി ചെയ്യണം എന്ന ചോദ്യം അവശേഷിക്കുന്നു.

ഇത് ബഹുസ്വര ഇന്ത്യയെ മതത്തിന്റെ പേരില്‍ വെട്ടി മുറിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ തുറന്നു പറഞ്ഞപ്പോള്‍ ഇന്ത്യാവിഭജനത്തിന്റെ പഴകി പുളിച്ച കഥകള്‍ പറഞ്ഞ് അതിനെ നേരിടാനാണ് അമിത്ഷാ ശ്രമിച്ചത്. ഞങ്ങളല്ല കോണ്‍ഗ്രസാണ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചതെന്നാണ് അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞത്. വിഭജനത്തിന് ഉത്തരവാദി കോണ്‍ഗ്രസ് ആണെന്നും അതുകൊണ്ടുതന്നെ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന കുടിയേറ്റക്കാരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നും ഈ ബില്‍ കൊണ്ടുവരുന്നത് കോണ്‍ഗ്രസ് സൃഷ്ടിച്ച വിഭജനാന്തര കുടിയേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിന് വേണ്ടിയാണെന്നുമാണ് അമിത്ഷാ പറഞ്ഞൊപ്പിച്ചത്. പക്ഷെ വിഭജനത്തിന് ദാര്‍ശനിക പരിവേഷം നല്‍കി രാജ്യത്തെ ഹിന്ദു, മുസ്‌ലിം എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കണമെന്ന സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത് സ്വന്തം പൂര്‍വികരായിരുന്നുവെന്നു അമിത്ഷാ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു.

വിഭജനത്തെ അമിത്ഷാ ഓര്‍മ്മപ്പെടുത്തിയതു കൊണ്ട് അദ്ദേഹത്തെയും തിരിച്ച് ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തണമെന്നു തോന്നുന്നു. വിഭജനം എന്ന ആശയം അഖണ്ഡ ഭാരതത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഹിന്ദുമഹാസഭയും അതിന്റെ നേതാക്കളുമായിരുന്നു. ഹിന്ദു മഹാസഭയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ഹിന്ദുത്വ ദേശീയതയുടെ ദാര്‍ശനികനായി അറിയപ്പെട്ടിരുന്നു ഭായി പരമാനന്ത 1905 ല്‍ തന്നെ രാജ്യം വിഭജിക്കപ്പെടണമെന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ‘സിന്ധിന് അപ്പുറമുള്ള പ്രദേശങ്ങള്‍ അഫ്ഗാനിസ്ഥാനുമായും വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളുമായി ചേര്‍ന്ന് വലിയൊരു മുസ്‌ലിം രാജ്യമാക്കുകയും ഹിന്ദുക്കള്‍ അവിടെനിന്ന് മടങ്ങുകയും ഇവിടെയുള്ള മുസ്‌ലിംകള്‍ അങ്ങോട്ട് പോകുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുക.’ (Parmanand, Bhai, The Story of My Life, p. 36). പരമാനന്ദ ഇത് എഴുതിയത് 1905 ലായിരുന്നുവെന്ന് ഓര്‍ക്കണം. അന്ന് മുസ്‌ലിം ലീഗ് പിറന്നിട്ടില്ല. നെഹ്‌റുവിന് അന്ന് കേവലം 15 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ജിന്നയാവട്ടെ കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാലം. സ്വാതന്ത്ര്യത്തോട് അനുബന്ധിച്ചുണ്ടായ വിഭജന ചര്‍ച്ചകള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അഖണ്ഡ ഭാരതത്തിനുള്ളില്‍ ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാവണമെന്നും മറ്റുള്ളവര്‍ ആ ഹിന്ദു രാഷ്ട്രത്തില്‍ നിന്നും പുറത്തുപോവണമെന്നും ആര്‍ എസ് എസിനു ബീജാവാപം നല്‍കിയ ഹിന്ദുത്വ വാദികളും ഹിന്ദുമഹാസഭയുടെ നേതാക്കളും ശക്തമായി ആഗ്രഹിച്ചിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

ആര്‍ എസ് എസിന്റെ എക്കാലത്തെയും ഐഡിയോളജിക്കല്‍ ഹീറോയും പ്രഥമ സര്‍സംഘചാലകുമായ ഹെഡ്‌ഗേവാറും വി ഡി സവര്‍ക്കറും എത്രയോ കാലം മുമ്പേ ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപെടണമെന്നു പറഞ്ഞവരാണ്. സവര്‍ക്കറുടെ 1923 ല്‍ പ്രസിദ്ധീകരിച്ച ‘Essentials of Hinduthwa’ എന്ന പുസ്തകത്തില്‍ ഇന്ത്യ രണ്ട് രാഷ്ട്രമാണെന്ന വാദം ഉന്നയിക്കുന്നുണ്ട്. 1937 ല്‍ സവര്‍ക്കര്‍ അഹമ്മദാബാദില്‍ നടന്ന ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ ദ്വിരാഷ്ട്രത്തെ കുറിച്ച് പറഞ്ഞത് അമിത്ഷായും കൂട്ടരും പഠിക്കുന്നത് നന്നായിരിക്കും. ‘പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്, പക്വതയില്ലാത്ത പല രാഷ്ട്രീയക്കാരും ഇന്ത്യ ഒന്നാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അത് അവരുടെ സ്വപ്‌നങ്ങള്‍ മാത്രമാണ്. സ്വപ്‌നത്തെ അവര്‍ യാഥാര്‍ഥ്യമെന്ന് കരുതി തെറ്റിദ്ധരിച്ചിരിക്കുന്നു. ഏകശിലാത്മകമായ ഒരു ഇന്ത്യയല്ല ഇവിടെയുള്ളത്. മറിച്ച് ഹിന്ദുക്കള്‍, മുസ്‌ലിംകള്‍ എന്നിങ്ങനെ രണ്ടു രാഷ്ട്രങ്ങളാണ് ഇവിടെയുള്ളത്’. ഇതായിരുന്നു സവര്‍ക്കര്‍ സ്വാതന്ത്ര്യത്തിനു 10 വര്‍ഷം മുമ്പേ വിളിച്ചുപറഞ്ഞിരുന്നത്.

1927 മുതല്‍ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയിരുന്ന ബി എസ് മുഞ്ചേ ദ്വിരാഷ്ട്ര വാദം ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ ദേശീയവാദിയായിരുന്നു. ഹെഗ്‌ഡെവാറിന്റെ ഉറ്റതോഴനായിരുന്ന മുഞ്ചേ മുസോളനിയില്‍ നിന്നും പരിശീലനം നേടി ആര്‍ എസ് എസിനെ കായികമായി വളര്‍ത്തുന്നതില്‍ പങ്കുവഹിച്ച നേതാവാണ്. മുഞ്ചേ പറഞ്ഞത് ഇംഗ്ലണ്ട് ഇംഗഌഷുകാര്‍ക്കെന്ന പോലെ, ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കെന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്നായിരുന്നു. സ്വാതന്ത്ര്യത്തിന്റെ തലേ ദിവസം പോലും ദ്വിരാഷ്ട്ര വാദം ആര്‍ എസ് എസ് ഉന്നയിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 14 ന് ഇറങ്ങിയ ആര്‍ എസ്എസിന്റെ മുഖപത്രമായ ഓര്ഗറനൈസര്‍ ഇങ്ങനെ എഴുതി, ‘ദേശിയതയുടെ തെറ്റായ സങ്കല്‍പ്പങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ലളിതമായ കാര്യം നാം അംഗീകരിക്കണം. അത് ഹിന്ദുസ്ഥാന്‍ എന്നത് ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്ന് അംഗീകരിക്കലാണ്. രാജ്യം ഹിന്ദുക്കള്‍ക്ക് വേണ്ടി ഹിന്ദു ആചാരങ്ങളുടെ മാത്രം അടിത്തറയില്‍ ഉണ്ടാകേണ്ടതാണ്.’ മുസ്ലിംകള്‍ക്ക് മറ്റൊരു രാജ്യം നല്‍കി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനായി ദ്വിരാഷ്ട്ര വാദം ആദ്യമായി അവതരിപ്പിച്ചത് അമിത്ഷായുടെ പൂര്‍വപിതാക്കളായിരുന്നുവെന്നതിന് ഇതില്‍പരം എന്ത് തെളിവാണ് വേണ്ടത്.

ഇന്ത്യ ഹിന്ദുക്കളുടേതാവണമെന്ന ലക്ഷ്യത്തില്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു രാജ്യമെന്ന ദ്വിരാഷ്ട്ര ചിന്തയെ സമര്‍പ്പിച്ച ഹിന്ദുത്വ ദേശീയ വാദികളുടെ വര്‍ത്തമാന രാഷ്ട്രീയ രൂപമായ ബി ജെ പിയുടെ നേതാക്കള്‍ അടുത്തകാലങ്ങളിലായി നടത്തിയ ചില പ്രവര്‍ത്തനങ്ങള്‍ ഇതിനെ ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. 2009 ല്‍ മുന്‍ ധനകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ബി ജെ പിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളുമായിരുന്ന ജസ്വന്ത് സിംഗ് എഴുതിയ ‘ജിന്ന ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പുസ്തകത്തില്‍ ദ്വിരാഷ്ട്ര ചിന്തയുടെ ആവിര്‍ഭാവത്തെ വിശദീകരിക്കുന്നുണ്ട്. ജിന്നയെയും ഗാന്ധിയെയും വിഭജനത്തിന്റെ കാരണങ്ങളില്‍ നിന്നും ജസ്വന്ത് സിംഗ് ഒഴിവാക്കിയിരുന്നു. ജസ്വന്ത് സിംഗിനെ പിന്നീട് ബി ജെ പി പുറത്താക്കിയത് ദ്വിരാഷ്ട്രവാദം ആര്‍ എസ് എസിനു ഉണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നത് കൊണ്ടായിരുന്നില്ല.

മറിച്ച് ഗാന്ധിജിയെ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാക്കിയതായിരുന്നു ബി ജെ പിയെ പ്രധാനമായും ചൊടിപ്പിച്ചത്. 2005 ല്‍ എല്‍ കെ അദ്വാനിയും പാകിസ്ഥാന്‍ ഉണ്ടായതിനെ സന്തോഷപൂര്‍വം അനുസ്മരിച്ചിരുന്നു. പാകിസ്ഥാന്‍ സന്ദര്‍ശനവേളയില്‍ ജിന്നയുടെ ഖബറിടത്തിന് മുമ്പില്‍ ആദരപൂര്‍വം നിന്നുകൊണ്ട് ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ അംബാസഡര്‍ എന്ന് ജിന്നയെ വിശേഷിപ്പിച്ച അദ്വാനിയുടെ നടപടികളിലെ രാഷ്ട്രീയം മാറ്റി നിര്‍ത്തി അതിന്റെ ദാര്‍ശനിക തലങ്ങള്‍ പരിശോചിച്ചാല്‍ വ്യക്തമാകുന്ന കാര്യം വിഭജനവും പാകിസ്ഥാന്റെ രൂപീകരണവും മറ്റാരേക്കാളും സന്തോഷിപ്പിച്ചിരുന്നത് ദ്വിരാഷ്ട്ര വാദത്തിന്റെ അപ്പോസ്തലന്മാരായ ഹിന്ദുത്വ ദേശീയവാദികളെയായിരുന്നുവെന്നതാണ്. ജസ്വന്ത് സിംഗ് പാര്‍ട്ടിക്ക് പുറത്തുപോവാനും അദ്വാനിക്ക് പാര്‍ട്ടിയില്‍ സ്വാധീനം കുറയാനും അവരുടെ നടപടികള്‍ നിമിത്തമായെങ്കിലും അതിനുകാരണം ബി ജെ പിയിലെ ഗ്രൂപ്പിസം മാത്രമായിരുന്നു. പാര്‍ട്ടിയെ പിടിച്ചടക്കാന്‍ മോദിഅമിത്ഷാ അച്ചുതണ്ട് ഈ സംഭവങ്ങളെ ഉപായയോഗിച്ചുവെന്നു മാത്രം.

ദ്വിരാഷ്ട്രവാദം കൊണ്ടുവന്ന ആര്‍ എസ് എസും ബി ജെ പിയും ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന തിരക്കിലാണ്. അമിത്ഷാ ആഭ്യന്തര മന്ത്രിയായതോടെ രണ്ടാം മോദി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളും ഈ ഒരു അജണ്ടയില്‍ അധിഷ്ഠിതമാണെന്നു മനസ്സിലാക്കാന്‍ അധികമൊന്നും ചിന്തിക്കേണ്ടതില്ല. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടപ്പാക്കിയ ഓരോ കാര്യങ്ങളും മുസ്‌ലിം സമുദായത്തെ പ്രകോപിപ്പിച്ചും ഭയപ്പെടുത്തിയും പുറത്താക്കാനുള്ള പദ്ധതികളായിരുന്നു.

ഇന്ത്യയിലെ മുസ്‌ലിംകള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും ഈ ബില്‍ ഒരിക്കലും മുസ്‌ലിംകള്‍ക്ക് എതിരല്ലെന്നും പറയുന്ന അമിത്ഷാ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുകയാണ്. മോദിയും അമിത്ഷായും ഭയപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ഈ രാജ്യത്ത് പിറന്നുവീണ് ഈ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് രാജ്യത്തിന്റെ മണ്ണിന്റെയും മനസ്സിന്റെയും ഭാഗമായ ഒരു സമുദായത്തോട് ഭയപ്പെടേണ്ടതില്ലെന്ന് ആരും പറയേണ്ട കാര്യമില്ല. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞപോലെ ആര്‍ക്കാണ് അമിത്ഷായെ ഭയം? ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭീഷണികളെയും ഭയപ്പെടുത്തലുകളെയും അതിജീവിച്ച് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി പണിയെടുത്ത ഒരു ജനതയുടെ പിന്മുറക്കാര്‍ക്ക് സംഘ്പരിവാറിന്റെയും അമിത്ഷായുടെയും ഭയപ്പെടുത്തലുകളെ തെല്ലും പേടിയില്ലെന്ന് മനസ്സിലാക്കുക.

ജീവന്‍ നഷ്ടപ്പെട്ടാല്‍ പോലും പിറന്ന ഭൂമിയുടെ ഒരിഞ്ചു മണ്ണ് പോലും വിട്ടുകൊടുക്കാതെ സംരക്ഷിക്കാനുള്ള ആത്മവിശ്വാസവും സ്ഥൈര്യവും ഈ ജനതക്കുണ്ട്. ഈ ജനതയുടെ കൂടെ നില്‍ക്കുന്ന പരകോടി ഹൈന്ദവ സഹോദരങ്ങളും ഈ രാജ്യത്തുണ്ടെന്ന് കപട ഹിന്ദുത്വത്തിന്റെ ദന്തഗോപുരങ്ങളില്‍ വിരാജിക്കുന്നവര്‍ അറിഞ്ഞുകൊള്ളുക. രാജ്യത്തിന് ശക്തമായ മതേതര ഭരണഘടനയുണ്ടാവുകയും രാജ്യത്തെ ഹൈന്ദവ മുസ്‌ലിം ക്രൈസ്തവ ഇതര ജനവിഭാഗങ്ങള്‍ മതേതരത്വത്തെ നെഞ്ചിലേറ്റി നടക്കുകയും ചെയ്യുമ്പോള്‍ തീവ്ര ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉണ്ടാക്കുന്ന നിയമങ്ങളെ ആരാണ് ഭയപ്പെടുന്നത്? ലോകസഭയിലും രാജ്യസഭയിലും മതേതരത്വത്തിന്റെ വിപ്ലവകാഹളങ്ങള്‍ മുഴക്കിയ നേതാക്കളെയും പാര്‍ലമെന്റ് അംഗങ്ങളെയും അമിത്ഷാ ശ്രദ്ധിച്ചുകാണുമല്ലോ.

പാര്‍ലമെന്റുകളില്‍ ബില്‍ പാസാവുന്ന സന്ദര്‍ഭത്തില്‍ മുഴങ്ങിയ ‘എസ്’ എന്ന വിളികളേക്കാള്‍ ജ്വലിച്ചുനിന്ന ‘നോ’ വിളികള്‍ ഒരു ജനതയുടെ അസിഥിത്വത്തിനു വേണ്ടിയുള്ള അപേക്ഷകളും രാജ്യം വെട്ടിമുറിക്കപ്പെടുന്നതിനെതിരെയുള്ള താക്കീതുകളുമായിരുന്നു. രാജ്യത്തെ വെട്ടിമുറിക്കരുതെന്നും, രാജ്യത്തെ പൗരന്മാരുടെ പൗരത്വം കൊണ്ട് കളിക്കരുതെന്നും അത്തരം കളികള്‍ രാജ്യം പോലും ചുട്ടുചാമ്പലാവുന്ന തരത്തിലുള്ള തീക്കളികളാവുമെന്ന താക്കീതാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ മുഴക്കിയത്. ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം നഷ്ടപ്പെടുന്ന ഈ ബില്ലിനെതിരെ ജുഡീഷ്യറി ഇടപെട്ടില്ലെങ്കില്‍ മതേതര ഇന്ത്യയുടെ അന്ത്യമായിരിക്കും സംഭവിക്കുക. സുപ്രീം കോടതി ഇക്കാര്യം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം; പ്രത്യാശിക്കാം.

SHARE