ഇളവുകള്‍ അവസാനിക്കുന്നു; എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത് പരിധി കടന്നാല്‍ പിഴയീടാക്കും

ന്യൂഡല്‍ഹി : കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ബാങ്കിങ് രംഗത്തു നടപ്പാക്കിയ ഇളവുകളില്‍ മിക്കതും ഈ മാസത്തോടെ അവസാനിച്ചേക്കും. എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിക്കല്‍, മിനിമം അക്കൗണ്ട് ബാലന്‍സ് എന്നിവയുള്‍പ്പെടെയുള്ള ഇളവുകളാണ് നിര്‍ത്തലാക്കാന്‍ സാധ്യത.

കോവിഡുമായി ബന്ധപ്പെട്ടു മൂന്നു മാസത്തേക്കാണു ബാങ്കിങ് അനുബന്ധ ഇടപാടുകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത്. ജൂണ്‍ 30 വരെ എ.ടി.എമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനുള്ള എല്ലാ ഇടപാട് ചാര്‍ജുകളും ധനമന്ത്രാലയം പിന്‍വലിച്ചിരുന്നു. പുതിയ അറിയിപ്പുകളൊന്നും വന്നില്ലെങ്കില്‍ ഇളവുകള്‍ക്കു മുമ്പുണ്ടായിരുന്ന നിലയിലേക്കു ജൂലൈ ഒന്നു മുതല്‍ ബാങ്കുകള്‍ മാറുമെന്നാണു ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എ.ടി.എം പിന്‍വലിക്കല്‍ പരിധികളും മിനിമം ബാലന്‍സ് നിയമങ്ങളും ഓരോ ബാങ്കിനും വ്യത്യസ്തമാണ്.

മിനിമം ബാലന്‍സ് വേണമെന്നും ഇടപാടുകള്‍ നടത്തണമെന്നും ഇല്ലെങ്കില്‍ പിഴയീടാക്കുമെന്നും മിക്ക ബാങ്കുകളും നിഷ്‌കര്‍ഷിക്കുന്നു. 44.51 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് ചാര്‍ജുകള്‍ മാര്‍ച്ച് 10ന് എസ്ബിഐ എഴുതിത്തള്ളിയിരുന്നു. സ്വന്തം എ.ടി.എമ്മുകളില്‍ പ്രതിമാസം അഞ്ചും മറ്റു ബാങ്കുകളുടേതില്‍ മൂന്നും സൗജന്യ ഇടപാടുകളാണു പൊതുവെ ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ പരിധി കടന്നാല്‍ ഇടപാടിന്റെ തരം അനുസരിച്ച് 8 മുതല്‍ 20 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.സ്വന്തം എ.ടി.എമ്മിലും അല്ലാതെയും നടത്തിയ എല്ലാ ഇടപാടുകളിലുമുണ്ടായ സര്‍വീസ് ചാര്‍ജുകളും എസ്.ബി.ഐ എഴുതിത്തള്ളിയിരുന്നു. ജൂണ്‍ 30 വരെയാണ് ഈ സൗജന്യമെന്ന് എസ്.ബി.ഐ വെബ്‌സൈറ്റില്‍ പറയുന്നു.

SHARE