മാഡ്രിഡ്: ലോക ഫുട്‌ബോള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് മുന്‍നിരക്കാരുണ്ട്-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും പിന്നെ നെയ്മറും. ഇവരുടെ സ്‌ക്കോറിംഗ് പാടവം പലപ്പോഴും വലിയ ചര്‍ച്ചയാവുമ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് എന്ന ക്ലബിന്റെ ഗോള്‍വേട്ടക്കാരനായ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്റെ കരുത്ത് ചര്‍ച്ച ചെയ്യപ്പെടാറില്ല. അവസരവാദത്തിന്റെയും ലക്ഷ്യബോധത്തിന്റെയും യൂറോപ്യന്‍ പ്രതിരൂപമായി നില്‍ക്കുന്ന ഗ്രീസ്മാന്‍ ഒരാഴ്ച്ചക്കിടെ സ്വന്തം ക്ലബിന് വേണ്ടി ഏഴ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്താണ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ ഹാട്രിക്. ആദ്യം അത്‌ലറ്റിക്കോക്കെതിരെ മൂന്ന് ഗോളുകള്‍.
ഇന്നലെ ലീഗില്‍ നടന്ന മല്‍സരത്തിലവര്‍ ലഗാനസിനെ നാല് ഗോളിന് തരിപ്പണമാക്കി. ലഗാനസിനെതിരെ ടീം നേടിയ നാല് ഗോളുകളും ഗ്രീസ്മാന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഈ വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ ബാര്‍സിലോണക്ക് നാല് പോയിന്റ് അരികിലെത്തി. കഴിഞ്ഞ മല്‍സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിന് തല താഴ്ത്തിയ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ പൊരുതുമ്പോഴാണ് ഗ്രീസ്മാനും സംഘവും അത്യുഗ്രന്‍ ഫോമില്‍ കളിക്കുന്നത്. ഒരാഴ്ച്ചക്കിടെ രണ്ടാമത് ഹാട്രിക്കുമായി ഗ്രീസ്മാന്‍ തന്റെ മൂല്യം തെളിയിക്കുമ്പോള്‍ ചാമ്പ്യന്‍ഷിപ്പ് തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് ടീം മാനേജ്‌മെന്റും വിശദീകരിക്കുന്നു.ബാര്‍സയുടെ അരികിലെത്തിയ സന്തോഷമാണ് ഗ്രീസ്മാന്‍ പ്രകടിപ്പിക്കുന്നത്. സമീപ മല്‍സരങ്ങളില്‍ റയലിനെ പോലെ ബാര്‍സയും തപ്പിതടയുമ്പോള്‍ ഗ്രീസ്മാന്റെ ഫോം തന്നെയാണ് അത്‌ലറ്റികോ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്.
ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് അത്‌ലറ്റികോയുടെ ഒരുതാരം തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ഹാട്രിക് സ്വന്തമാക്കുന്നത്. 2014 ല്‍ കൊളംബിയക്കാരന്‍ റാഡിമല്‍ ഫല്‍ക്കാവോ ഒരു മല്‍സരത്തില്‍ നാല് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തതിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‌ലറ്റികോ താരമെന്ന ബഹുമതിയും ഗ്രീസ്മാന്‍ സ്വന്തമാക്കി. 26,35,56,67 മിനുട്ടുകളിലായിരുന്നു ലഗാനസിനെതിരായ ഗോളുകള്‍. 35,033 ത്തിലധികം കാണികളെ സാക്ഷി നിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ തകര്‍പ്പന്‍ ഗോള്‍ വേട്ടയായിരുന്നു അത്. വേഗതയും ലക്ഷ്യബോധവും പിന്നെ കൗശലവുമായപ്പോള്‍ ഗ്രീസ്മാന് മുന്നില്‍ ലഗാനസ് ഡിഫന്‍സും ഗോള്‍ക്കീപ്പറും തല താഴ്ത്തുകയായിരുന്നു.
ലഗാനസിനെതിരെ ഇരുപകുതികളിലായാണ് ഫ്രഞ്ച് മുന്‍നിരക്കാരന്‍ തന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. മല്‍സരത്തിന് 26 മിനുട്ട് പ്രായമായപ്പോഴായിരുന്നു ഗ്രീസ്മാന്റെ ആദ്യ ഗോള്‍. അത്‌ലറ്റികോ താരം ജെറാര്‍ഡ് ഗുംബാവുനന്റെ ഷോട്ട് ഗോള്‍ക്കീപ്പര്‍ തടുത്തെങ്കിലും പന്ത് മറ്റൊരു അത്‌ലറ്റികോ താരം ഗബ്രിയേലിന്റെ കാലുകളിലേക്കായിരുന്നു. ആ ഷോട്ട് ഡിഫന്‍ഡര്‍ തടുത്തപ്പോള്‍ പന്ത് ഗ്രീസ്മാന്റെ അരികില്‍. അദ്ദേഹത്തിന്റെ ഷോട്ട് ആര്‍ക്കും തടുക്കാനായില്ല. രണ്ടാം ഗോള്‍ ഒമ്പത് മിനുട്ടിനകം അതിമനോഹരമായ ഫ്രീകിക്കില്‍ നിന്നായിരുന്നു. ഹെഡ്ഡറില്‍ നിന്ന് ഹാട്രിക് തികച്ചത് രണ്ടാം പകുതിയില്‍. പതിനൊന്ന് മിനുട്ടിന് ശേഷം ഹെഡ്ഡറില്‍ നിന്നും നാലാം ഗോള്‍. ലീഗില്‍ സിമയോണി സംഘത്തിന്റെ ഏഴാം തുടര്‍ച്ചയായ വിജയമാണിത്. അടുത്ത മല്‍സരത്തിലവര്‍ നേരിടുന്നത് ശക്തരായ ബാര്‍സിലോണയെയാണ്.