സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ടു താരങ്ങള്‍ക്ക് കോവിഡ്


സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് അത്ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ്. ജര്‍മന്‍ ക്ലബ് ആര്‍പി ലെപ്‌സിഗിനെതിരായ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവായത്. വ്യാഴാഴ്ചയാണ് മത്സരം തീരുമാനിച്ചിരുന്നത്. താരങ്ങളുടെ പേരുവിവരങ്ങള്‍ ക്ലബ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇരുവരും വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്ന് വാര്‍ത്താ കുറിപ്പിലൂടെ ക്ലബ് അറിയിച്ചു.

പോര്‍ച്ചുഗലിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലെ രണ്ട് സ്റ്റേഡിയങ്ങളിലായി നടത്തുന്ന മത്സരങ്ങള്‍ ശനിയാഴ്ച അവസാനിക്കും. ലിസ്ബണിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് ഒരുതവണ കൂടി താരങ്ങള്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ക്ലബ് അറിയിച്ചു. ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് താരങ്ങളും ക്ലബിനൊപ്പം ഉണ്ടാവില്ല. ഇതോടൊപ്പം പരിശീലനത്തിന്റെ സമയക്രമങ്ങളിലും മാറ്റം വരുത്തും.

അറ്റ്ലാന്റയും പിഎസ്ജിയും തമ്മില്‍ ബുധനാഴ്ച നടക്കുന്ന മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ആരംഭിക്കുക. വെള്ളിയാഴ്ച ബയേണ്‍ മ്യൂണിക്ക് ബാഴ്‌സലോണയെ നേരിടും. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-ലിയോണ്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ അവസാനിക്കും.