യുഎഇയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ഹര്‍ജി നല്‍കിയ ആതിരയുടെ ഭര്‍ത്താവ് ഷാര്‍ജയില്‍ മരിച്ച നിലയില്‍

ഷാര്‍ജ: യുഎഇയില്‍ നിന്ന് നാട്ടിലേയ്ക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി ശ്രദ്ധേനേടിയ കോഴിക്കോട് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് നിഥിന്‍ ചന്ദ്രന്‍ (29) ഷാര്‍ജയില്‍ അന്തരിച്ചു. ഇന്ന് രാവിലെ താമസസ്ഥലത്ത് നിന്ന് സുഹൃത്തുക്കളാണ് നിഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കമെണീക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

ദുബായിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ആതിര ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ബന്ധുക്കളുടെ പരിചരണം ലഭിക്കാനായാണ് നാട്ടിലേക്ക് പോകുന്നതെന്നായിരുന്നു നിഥിന്‍ അന്ന് പറഞ്ഞത്. ഇതിനായി ഇന്‍കാസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിഥിന്‍ സാമൂഹികസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കേരളാ ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന്റെ യുഎഇയിലെ കോ ഓര്‍ഡിനേറ്ററുമാണ് ഇദ്ദേഹം. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകരിലൊരാളുണ്.

ഒരു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്ന നിഥിന് വീണ്ടും അസുഖം വന്നിരുന്നുവെന്നും എന്നാല്‍ ഡോക്ടറെ സമീപിച്ചിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. നിഥിന്‍ നേരത്തെ ഒരു തവണ കൊവിഡ് പരിശോധന നടത്തിയിരുന്നെന്നും ഫലം നെഗറ്റീവായിരുന്നെന്നും സുഹൃത്തുക്കള്‍ പ്രതികരിച്ചു. വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.

ഫ്‌ലൈ വിത് ഇന്‍കാസ് ക്യാംപെയിനിന്റെ കീഴില്‍ ഇന്‍കാസായിരുന്നു ആതിരയ്ക്ക് വിമാന ടിക്കറ്റ് നല്‍കിയിരുന്നത്. ഇതിന് പകരമായി നിഥിന്‍ 2 ടിക്കറ്റുകള്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ മറ്റുള്ളവര്‍ക്കും നല്‍കിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദുബായ് റാഷിദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം കൊവിഡ് പരിശോധനാ ഫലം വന്ന ശേഷമാകും നാട്ടിലേക്ക് കൊണ്ടുവരുന്ന നടപടികള്‍ ആരംഭിക്കുക.

SHARE