അതിരപ്പിള്ളിയിൽ പ്രതിഷേധത്തിന്റെ സമരഗീതം തീർത്ത് എം.എസ്‌.എഫ്

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിയുള്ള സർക്കാർ നീക്കം കേരളത്തോട് ചെയ്യുന്ന മഹാപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ്.

പദ്ധതിക്കെതിരെ എം എസ് എഫ് ജില്ലാ കമ്മറ്റി അതിരപ്പള്ളിയിൽ നടത്തിയ വിദ്യാർഥികളുടെ സമര ഗീതം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പരിസ്ഥിതിയെ ദ്രോഹിച്ചതിനുള്ള ശിക്ഷ ഉരുൾപൊട്ടലായും പ്രളയമായും കൊല്ലംതോറും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോൾ സർക്കാറിന് ഇക്കാര്യത്തിൽ ബോധം ഉദിക്കാത്തത് വലിയ ദുരന്തമാണ്.

ജനങ്ങൾ നിശബ്ദരായിരിക്കുമ്പോള്‍ ലാഭം കൊയ്യാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ദുരന്ത കാലത്ത് ജനങ്ങളുടെ ശക്തമായ പ്രതിഷേധമുണ്ടാകില്ല എന്ന വിശ്വാസത്തിലാണ് ഇത്തരം നീക്കങ്ങൾ.

നാടിനും നാട്ടുകാർക്കും വേണ്ടാത്ത ഒരു പദ്ധതിക്ക് വേണ്ടി സർക്കാർ കാണിക്കുന്ന ആവേശം അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങൾ മുഴുവൻ എതിരു നിൽക്കുമ്പോൾ കേരളത്തിലെ അവശേഷിക്കുന്ന പച്ചത്തുരുത്തുകൾ കൂടി വെട്ടി നിരത്താനുള്ള നീക്കം
എന്തിനു വേണ്ടിയാണെന്ന് സർക്കാർ വിശദീകരിക്കണം. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നവാസ് പറഞ്ഞു.

എം.എസ്‌.എഫ് ജില്ലാ പ്രസിഡന്റ് എസ്‌.എ.അൽറെസിൻ അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് ,എം.എസ്‌.എഫ് സംസ്ഥാന ട്രഷറർ സി.കെ.നജാഫ് ഭാരവാഹികളായ ശറഫുദ്ധീൻ പിലാക്കൽ ,റംഷാദ് പള്ളം ,അശ്ഹർ പെരുമുക്ക്,മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രെട്ടറി മീരാസാ വെട്ടുകൽ എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് നഈം ,സി.എ.സൽമാൻ ,ഫഈസ്‌ മുഹമ്മദ് എന്നിവർ നേതൃത്തം നൽകി
എം.എസ്‌.എഫ് ജില്ലാ ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ സ്വാഗതവും ട്രഷറർ കെ.വൈഅഫ്സൽ നന്ദിയും പറഞ്ഞു.

SHARE