ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്രമോദി കാൽ തട്ടി വീണ ഉത്തർപ്രദേശിലെ കാൺപൂരിലുള്ള അടൽ ഘട്ടിന്റെ പടി പുതുക്കി പണിയാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അടൽ ഘട്ടിലെ ഒരു പടിയുടെ ഉയരം ക്രമം തെറ്റിയാണെന്ന് ഡിവിഷണൽ കമീഷണർ സുധീർ ബോബ്ഡെ പറഞ്ഞു. ബോട്ട് ക്ലബ്ബിലേക്ക് ഇറങ്ങുമ്പോൾ മൂന്നാമത്തെ നിരയിലെ ഒമ്പതാമത്തെ പടിയ്ക്കാണ് പ്രശ്നം.
മുമ്പും പല സന്ദർശകരും ഈ പടിയിൽ വീണിരുന്നു. അതിനാലാണ് പടി പുതുക്കിപണിത് മറ്റ് പടികൾക്കൊപ്പം ഉയരം ക്രമീകരിക്കുന്നതെന്നാണ് അദ്ദേഹം നൽകുന്ന വിശദീകരണം. വിശ്വാസികൾക്ക് പടിയിലിരുന്ന് പൂജ ചെയ്യാനുള്ള സൗകര്യാർഥമാണ് പടി അത്തരത്തിൽ നിർമിച്ചതെന്നാണ് എഞ്ചിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ് പ്രതിനിധി തൻവീർ പറയുന്നത്.
കഴിഞ്ഞ ആഴ്ച ഗംഗാനദിയിലെ ജലശുദ്ധി പരിശോധിക്കുന്നതിനുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ പ്രധാനമന്ത്രി പടിക്കെട്ടിൽ കാൽ തട്ടി വീണിരുന്നു. ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി.