കോലി-മുരളി വെടികെട്ട്; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ മുരളി വിജയിയും (108) ക്യാപ്റ്റന്‍ വിരാട് കോലിയും (111*) നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 356 എന്ന ശക്തമായ നിലയിലാണ്. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ കോലി 130 പന്തില്‍ നിന്നാണ് തന്റെ 16ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.10 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ ഇന്നിങ്‌സ്. 111 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന കൊഹ്‌ലിക്കൊപ്പം 45 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് ക്രീസില്‍. ഇരുവരും നാലാം വിക്കറ്റില്‍ ഇതുവരെ 122 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ലോകേഷ് രാഹുലിനെ (02) നഷ്ടപ്പെട്ട ഇന്ത്യയെ കൈപ്പിടിച്ചിയുര്‍ത്തിയത് രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന മുരളി വിജയ്-ചേതേശ്വര്‍ പൂജാര സഖ്യമാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സ് അടിച്ചു കൂട്ടി. മുരളി വിജയ് 160 പന്തില്‍ 108 റണ്‍സ് നേടി, പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദി മിറാസിന്റെ പന്തില്‍ പുറത്തായി.

പിന്നീട് കോലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മുരളി വിജയിയെ തൈജുല്‍ ഇസ്‌ലാം ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. തന്റെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി കരസ്ഥമാക്കി ലോക ക്രിക്കറ്റ് പണ്ഡിതരുടെ മുക്ത കണ്ഠം പ്രശംസ പിടിച്ചു പറ്റിയ കരുണ്‍ നായര്‍ക്ക് പകരം അജിന്‍ക്യ രഹാനെയ്ക്ക് അവസരം നല്‍കിയാണ് കോലി ആദ്യ ഇലവനെ ഇറക്കിയത്. മത്സരത്തില്‍ കളിക്കാന്‍ ഇടം ലഭിക്കാതിരുന്ന കരുണ്‍ നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുകയും ചെയ്തു. ട്രിപ്പിള്‍ സെഞ്ച്വറിക്കു ശേഷം അടുത്ത കളിയില്‍ പുറത്തിരിക്കുന്ന താരമെന്ന ‘അപൂര്‍വ’ റെക്കോഡാണ് കരുണ്‍ നായരെ തേടിയെത്തിയിരിക്കുന്നത്. 1930ല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ പുറത്തുപോകേണ്ടിവന്ന ഇംഗ്ലീഷ് താരം ആന്‍ഡി സാന്‍ഡം നേരിട്ട നിര്‍ഭാഗ്യമാണ് കരുണിനെയും പിടികൂടിയത്.

@mvj888 celebrates as he brings up his 9th Test ton #INDvBAN @Paytm Test Cricket pic.twitter.com/vRgB9YOOfT

അതേ സമയം മത്സരത്തിനിടെ ബംഗ്ലാദേശ് ടീം കാണിച്ച മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ താരങ്ങളേയും അമ്പയര്‍മാരേയും ഒരു പോലെ ചിരിപ്പിക്കുകയും ചെയ്തു. ആദ്യ ദിനം തന്നെ മൂന്നു തവണയാണ് ബംഗ്ലാ കടുവകള്‍ പരിഹാസ പാത്രമായത്. ഇന്ത്യന്‍ സ്‌കോര്‍ ഒരു വിക്കറ്റിന് 232 റണ്‍സ് എന്ന നിലയിലായിരുന്ന സമയത്ത് താജുല്‍ ഇസ്്‌ലാമിന്റെ പന്തില്‍ വിരാട് കോലി പന്ത് ഓഫ് സൈഡിലേയ്ക്ക് തട്ടിയിട്ടു. എന്നാല്‍ ഉടന്‍ തന്നെ എല്‍ബിക്കായി ബംഗ്ലാ താരങ്ങള്‍ അപ്പീര്‍ ചെയ്തു. എല്ലാവരേയും അത്ഭുതപ്പെടുത്തി ഒരു പടികൂടി കടന്ന് ബംഗ്ലാദേശ് നായകന്‍ മുശ്ഫിഖുര്‍ റഹീം ഡിആര്‍എസിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. ഇതോടെ ബാറ്റ് ചെയ്ത വിരാട് കോലിക്ക് പോലും ഒരു വേള ചിരിയടക്കാനായില്ല. മൂന്നാം അമ്പയറുടെ പരിശോധനയില്‍ പന്ത് ബാറ്റില്‍ തന്നെയാണ് കൊണ്ടതെന്ന് വ്യക്തമാവുകയും ചെയ്തു. നേരത്തെ വൈഡ് ബോള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തും, മുരളി വിജയിന്റെ ഉറച്ച റണ്ണൗട്ട് നഷ്ടപ്പെടുത്തിയും ബംഗ്ലാ താരങ്ങള്‍ വിസ്മയിപ്പിച്ചിരുന്നു.