19 പാര്‍ട്ടികളെ ഒന്നിച്ചിരുത്തി സോണിയ ഗാന്ധിയുടെ വിരുന്ന്; ബി.ജെ.പിക്ക് ആശങ്ക

ന്യൂഡല്‍ഹി: 2019-ല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിക്കെതിരെ ഒന്നിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ അത്താഴവിരുന്നില്‍ 19 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. നമ്പര്‍ 10 ജന്‍പതിലുള്ള സോണിയ ഗാന്ധിയുടെ വസതിയിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്, ജെ.ഡി.യു ശരത് യാദവ് വിഭാഗം, ആര്‍.ജെ.ഡി, സി.പി.ഐ, സി.പി.ഐ.എം, മുസ്‌ലിം ലീഗ് നേതാക്കള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തു. ബഹുജന്‍സമാദ് വാദി പാര്‍ട്ടി നേതാവ് സതീഷ് ചന്ദ്ര മിസ്ര, ജിതന്‍ റാംമഞ്ചി എന്നിവരും രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവും വിരുന്നില്‍ സംബന്ധിച്ചിരുന്നു. പ്രതിപക്ഷപാര്‍ട്ടികള്‍ ഒറ്റക്കെട്ടായെന്നും എന്‍.ഡി.എ തകരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി നേതാവ്ശരത് പവാര്‍, ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബാബുലാല്‍ മറാന്തി, അജിത് സിംഗ് തുടങ്ങിയ മുന്‍ മുഖ്യമന്ത്രിമാരും വിരുന്നിനെത്തിയിരുന്നു. ബംഗാള്‍മുഖ്യമന്ത്രി മമതാബാനര്‍ജി വിരുന്നിനെത്തിയിരുന്നില്ല. പകരം തൃണമൂലിന്റെ നേതാവ് സുദീപ് ബന്ദോപാധ്യായ വിരുന്നിനെത്തി.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കുകയാണ് സോണിയാഗാന്ധിയുടെ ലക്ഷ്യം. യു.പി.എ.യിലെയും എന്‍.ഡി.എയിലെയും പല പാര്‍ട്ടികളും ഇടഞ്ഞ് നില്‍ക്കുന്ന വേളയിലാണ് സോണിയ വിരുന്ന് നടത്തിയത്. അതേസമയം, പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യത്തിനുള്ള നീക്കത്തില്‍ ബി.ജെ.പി കനത്ത ആശങ്കയിലാണ്.