നോര്‍ത്തീസ്റ്റില്‍ പ്രതിഷേധം കനക്കുന്നു; പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെപ്പ്; മൂന്ന് മരണം

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബില്‍ ആദ്യത്തില്‍ ബാധിക്കുന്ന ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ സൈന്യത്തെ ഇറക്കിയിട്ടും നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. അസമില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉലുബാരി, ഹാത്തിഗാം, വസിഷ്ടചാരിയാലി എന്നിവിടങ്ങളിലാണ് വെടിവെപ്പുണ്ടായത്. അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ടു പേര്‍ മരിച്ചതായി പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

അതേസമയം പ്രദേശത്ത് നെറ്റ്വര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. പ്രക്ഷോഭകര്‍ ചബുവയിലെ ബിജെപി എംഎല്‍എ ബിനോദ് ഹസാരികയെ വീട് ആക്രമിച്ചതായും പരിക്കേല്‍പ്പിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രക്ഷോഭം ശക്തമാവുന്നതിനിടെ ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റിയതായും എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. പകരം പൊലീസ് കമ്മീഷണര്‍ ദീപക് കുമാറിനെ മാറ്റി മുന്ന പ്രസാദ് ഗുപ്തയെ നിയമിച്ചു. ഗുപ്ത നേരത്തെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലായിരുന്നു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ക്രമസമാധാനം) മുകേഷ് അഗര്‍വാളിനെയും മാറ്റിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന ജിപി സിങിനാണ് പുതിയ ചുമതല. മുകേഷ് അഗര്‍വാളിനെ എ.ഡി.ജി.പി (സി.ഐ.ഡി) ആയും എ.ഡി.ജി.പി (സി.ഐ.ഡി)ആയിരുന്ന എല്‍.ആര്‍ ബിഷ്‌ണോയിയെ എ.ഡി.ജി.പി (പരിശീലന, സായുധ പോലീസ്) ആയും നിയമിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ത്രിപുരയില്‍ ഇന്നലെ സ്‌കൂളുകളും കോളജുകളും തുറന്നില്ല. സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദില്‍ കടകളെല്ലാം അടഞ്ഞുകിടന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നിരുന്നുവെങ്കിലും ഹാജര്‍ കുറവായിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത സമര സമിതി (ജെ.എം.സി.സി.എ.ബി) മൂന്ന് ദിവസത്തെ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറിലധികം പ്രതിഷേധക്കാരെ 12 മണി വരെ കരുതല്‍ തടങ്കലില്‍ വെച്ചു. ബന്ദ് ഏറെക്കുറെ സമാധാനപരമായിരുന്നുവെങ്കിലും രാവിലെ പാരാഡിഷ് ചൗമുഹാനിയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, മാധ്യമങ്ങള്‍ക്ക് വിലക്കുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ കൊടുക്കരുതെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. വിവിധയിടങ്ങളിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടുന്ന ദൃശ്യങ്ങള്‍ കാണിക്കരുതെന്നാണ് കേന്ദ്ര നിര്‍ദേശം. രാജ്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങളോ, രാജ്യത്തിന്റെ സമാധാനം തകര്‍ക്കുന്നതോ ആയ വാര്‍ത്തകള്‍ കൊടുക്കുന്നത് വിലക്കികൊണ്ടുള്ള സര്‍ക്കുലറാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ആസാമില്‍ സംഘര്‍ഷം വ്യാപിക്കുകയാണ്. അര്‍ദ്ധസൈനികര്‍ രംഗത്തെത്തിയിട്ടുപോലും ജനങ്ങള്‍ പ്രതിഷേധങ്ങളില്‍ നിന്നും പിറകോട്ട് പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടരുന്ന പ്രതിഷേധം ഉന്നയിച്ച് ലോക്‌സഭയും പ്രക്ഷുബ്ദമായി. ജമ്മുകശ്മീരിന് സമാനമായ സാഹചര്യം വടക്ക് കിഴക്കന്‍ സംസ്ഥാനങളിലും കൊണ്ട് വരികയാണെ സര്‍ക്കാറെന്ന് പ്രതിപക്ഷം ആരോപിച്ചു.