ഇറാഖ് യുദ്ധത്തിന്റെ സ്മരണ പുതുക്കി ഇറാനില്‍ നടത്തിയ സൈനിക പരേഡിനില്‍ ബോംബാക്രമണവും വെടിവെപ്പും : 24 പേര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെപ്പും ബോംബാക്രമണവും. സൈനികരും സിവിലിയന്മാരും അടക്കം 24 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരും. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക മാധ്യമം വ്യക്തമാക്കി. ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസിലാണ് ഇറാന്‍ സൈന്യത്തിന്റെ അംഗബലം വെളിവാക്കുന്ന പരേഡ് നടന്നത്. 1980-88ലെ ഇറാഖ് യുദ്ധത്തിന്റെ സ്മരണ പുതുക്കിയാണ് സൈനികാഭ്യാസം നടന്നത്. രാജ്യത്തുടെ നീളം അഭ്യാസം നടന്നു വരികയാണ്. എട്ട് സൈനികര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. നിരവധി പേര്‍ ആസ്പത്രിയില്‍ ചികില്‍സയിലാണ്. പരേഡ് കാണാനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുണ്ട്. ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

പരേഡ് കാണാന്‍ ഒട്ടേറെ പ്രമുഖരെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികരുടെ ബന്ധുക്കള്‍, പ്രവിശ്യാ ഭരണാധികാരികള്‍ എന്നിവരെല്ലാം പരേഡ് വീക്ഷിച്ചിരിക്കുന്നതിനിടെയാണ് വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്. ഇറാന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ചെത്തിയവര്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം നാല് പേരാണ് സൈന്യത്തിന് നേരെ വെടിെവച്ചത്. പരേഡ് കാണാന്‍ നില്‍ക്കുന്നവര്‍ക്ക് പിന്നില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. ഇതേ സമയം തന്നെ ബൈക്കിലെത്തിയവരും ആക്രമണം നടത്തി. ബോംബുകള്‍ പൊട്ടിത്തെറിച്ചു. കൂടാതെ നാല് ഭാഗത്തുനിന്നും വെടിയുതിര്‍ക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം സൈനികര്‍ക്ക് വ്യക്തമായില്ല. ചിതറിപ്പോയ സൈന്യം പിന്നീട് ഒരുമിക്കുകയും തിരിച്ചടി ശക്തമാക്കുകയുമായിരുന്നു. സൈന്യത്തിന്റെ ഭാഗത്തു നിന്നു പ്രത്യാക്രമണം നടന്നപ്പോള്‍ കൂടുതല്‍ പേര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പരേഡ് കാണാന്‍ ഒട്ടേറെ പേര്‍ തടിച്ചു കൂടിയിരുന്നു. ഇവരുടെ നേരെയും ആക്രമി സംഘം വെടിയുതിര്‍ത്തു. ഇതാണ് മരണ സംഖ്യ ഉയരാന്‍ ഇടയായത്.

അക്രമികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ വധിക്കുകയും ചെയ്തു. പോലീസ് വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ഖുസെസ്താന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അലി ഹുസൈന്‍ പറഞ്ഞു. ആരാണ് അക്രമികളെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഒരു സംഘടനയും അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു. വിദേശ ശക്തിയുടെ പിന്തുണയോടെ തീവ്രവാദികള്‍ നടത്തിയ ആക്രമമാണിത്.

കൊല്ലപ്പെട്ടവരില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡില്‍പെട്ട സൈനികരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. രണ്ട് അക്രമികളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ആക്രമണം 10 മിനിറ്റോളം നീണ്ടു നിന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന മേഖലയാണ് അഹ്വാസി.

SHARE