ഉത്തരേന്ത്യയില്‍ റെക്കോര്‍ഡ് ചൂട്; രണ്ട് മരണം

തുടര്‍ച്ചയായുള്ള കൊടുംചൂടില്‍ ചുട്ടുപൊള്ളി ഉത്തരേന്ത്യ. പ്രദേശങ്ങളില്‍ ശക്തമായ ഉഷ്ണക്കാറ്റ് കൂടി തുടരുന്നതോടെ സൂര്യതപവും റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ദിവസങ്ങളായി 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് പല സംസ്ഥാനങ്ങളിലും താപനില.
രാജസ്ഥാനില്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും കനത്ത ചൂട് തുടരുന്നു. ശനിയാഴ്ച്ച റെക്കോര്‍ഡ് ചൂടാണ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയത്. ചൂട് അമ്പതു ഡിഗ്രിക്കും മുകളില്‍ എത്തിയ രാജസ്ഥാനില്‍ രണ്ട് പേര്‍ മരിച്ചു. രാജസ്ഥാനിലെ ചുരുവിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ഇവിടെ 50.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട്. സാധാരണ താപനിലയെക്കാള്‍ ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് ആണ് അധികം രേഖപ്പെടുത്തിയത്. ഗംഗാനഗര്‍- (49 ഡിഗ്രി), ബിക്കാനീര്‍- (47.9 ), ജയ്‌സാല്‍മീര്‍- (47.2 ), കോട്ട- (46) എന്നിങ്ങനെയാണ് താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സൂര്യതാപമേറ്റ് രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പൊതുവെ വരണ്ട കാലവസ്ഥയുള്ള പ്രദേശമാണ് രാജസ്ഥാന്‍. എന്നാല്‍ ഇത്തവണ കനത്ത ചൂട് പ്രതീക്ഷ തെറ്റിച്ച് സംസ്ഥാനത്തെ ചുട്ടുപൊള്ളിക്കുകയാണ്. ഉഷ്ണതരംഗം പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ഉച്ചസമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് ഒഴിവാക്കാനും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഈ താപനില തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. നാല്‍പ്പത്തി ആറ് ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. താപനില 45 ഡിഗ്രി സെല്‍ഷ്യസിലധികം ഉയരുകയും വരും ദിവസങ്ങളില്‍ ചൂട് ഇനിയും വധിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE