ബഹറൈനില്‍ നിന്നെത്തിയ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സങ്കീര്‍ണ്ണ ഹൃദയശസ്ത്രക്രിയയിലൂടെ പുതുജീവന്‍

കോഴിക്കോട് : കോവിഡ് കാലത്ത് ബഹറൈനില്‍ നിന്ന് വിദഗ്ദ്ധ ചികിത്സ തേടി കേരളത്തിലെത്തിയ മലയാളി ദമ്പതികളുടെ രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ അതീവ സങ്കീര്‍ണ്ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിച്ചു. ബഹറൈനില്‍ ജോലി ചെയ്യുകയായിരുന്ന ഷാജി, ജിഷ ദമ്പതികള്‍ക്കാണ് പ്രസവകാലം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കേണ്ടി വന്നത്. ഏഴര മാസത്തില്‍ ജനിച്ച കുഞ്ഞിന് ജനനസമയത്ത് 1.4 കി. ഗ്രാം മാത്രമായിരുന്നു ശരീരഭാരം ഉണ്ടായിരുന്നത്. ജനിച്ച ഉടനെ ശ്വാസ തടസ്സം കാരണം വെന്റിലേറ്റ റില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് തുടര്‍ന്ന് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുക ആയിരുന്നു. ശ്വാസകോശത്തില്‍ നിന്ന് ഹൃദയത്തിന്റെ ഇടത് ഭാഗത്തേക്ക് ശുദ്ധരക്തം എത്തിക്കേണ്ട ധമനി സ്ഥാനം തെറ്റി കരളിലെ ധമനികളോടൊപ്പം ഹൃദയത്തിന്റെ വലതുഭാഗത്തായിരുന്നു എത്തി ചേര്‍ന്നിരുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യ അവസ്ഥ കൂടുതല്‍ ഗുരുതരമാക്കി തീര്‍ത്തു.

ബഹറൈനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ വെന്റിലേറ്റര്‍ മാറ്റി ഓക്‌സിജനോടു കൂടി വിമാനത്തില്‍ കരിപ്പൂരിലും തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലുമെത്തിക്കുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ പ്രകാരം വിദേശത്ത് നിന്നെത്തിയവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. എന്നാല്‍ അടിയന്തിര ശസ്ത്രക്രിയ പൂര്‍ത്തിയാക്കാതെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതിനാല്‍ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം അമ്മയെ ക്വാറന്റൈനിലാക്കുകയും കുഞ്ഞിനെ ക്വാറന്റൈന് തുല്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് സുരക്ഷിതമാക്കിയ ശേഷം ശസ്ത്രക്രിയയ്ക്ക വിധേയനാക്കുകയുമായിരുന്നു.

ആറ് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ 28ാം തിയ്യതി വെന്റിലേറ്ററിലാക്കി. കോവിഡ് സാധ്യത കാരണം കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം പൂര്‍ണമായി ഈ കുഞ്ഞിന് വേണ്ടി മാറ്റി വെക്കുക ആയിരുന്നു. അമ്മയ്ക്ക് ക്വാറന്റൈന്‍ ആയത് കാരണം മാതൃതുല്യമായ പരിചരണം പി.സി.ഐ.സി.യുവിലെ നഴ്‌സുമാര്‍ നല്‍കുകയും ചെയ്തു. ക്രമേണ ആരോഗ്യനിലയില്‍ പുരോഗതി പ്രാപിക്കുകയും രണ്ട് ദിവസത്തിന് ശേഷം കുഞ്ഞിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് പുറമെ നിയോനാറ്റോളജി, പി.സി.ഐ.സി.യു, നഴ്‌സിങ്ങ് വിഭാഗം, എച്ച്.ഡി.യു, അനസ്‌തേഷ്യ മുതലായ വിഭാഗങ്ങളുടേയും സേവനം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമായി. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ഗിരീഷ് വാര്യര്‍, ഡോ. രമാദേവി, ഡോ. രേണു പി കുറുപ്പ് , ഡോ. ആബിദ്, ഡോ. സുജാത, ഡോ. ശരത്ത്, ഡോ. ഷബീര്‍, ഡോ. സതീഷ് കുമാര്‍ (പി. ഐ. സി. യു), ഡോ. വിഷ്ണുമോഹന്‍ (നിയോനാറ്റോളജി) എന്നിവരും കുഞ്ഞിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

SHARE