നിയമസഭാ സമ്മേളനം മാറ്റിവച്ചു; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തീരുമാനം 27 ലെ മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തിന് നോട്ടീസ് ലഭിച്ചിരിക്കെ നിയസഭാ സമ്മേളനം തന്നെ മാറ്റിവെച്ച് മന്ത്രി സഭാ തീരുമാനം. ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് 27 ന് പ്രത്യേക മന്ത്രിസഭായോഗം ചേരാനും തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. ധനബില്‍ പ്രത്യേക ഓര്‍ഡിനന്‍സാക്കി കൊണ്ടുവരാനും മന്ത്രസഭാ യോഗം തീരുമാനിച്ചു.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം സര്‍ക്കാരിനു മുന്‍പിലുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലും തിങ്കളാഴ്ച തീരുമാനമെടുക്കും. എന്നാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായവും മന്ത്രിസഭയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭയിലെ ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മത നേതാക്കളുടെ യോഗം കൂടി വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനമായി. സര്‍വകക്ഷിയോഗവും വിളിക്കും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടി സ്വീകരിക്കുക എന്നതാണ് ഉദ്ദേശം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാവുക.

അതേ സമയം സഭാ സമ്മേളനം ഒഴിവാക്കുന്നതിനോട് പ്രതിപക്ഷം എതിര്‍പ്പറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കെ അതില്‍നിന്ന് രക്ഷപ്പെടാനാണ് 27-ന് നിശ്ചയിച്ചസമ്മേളനം ഒഴിവാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.